ന്യൂഡല്‍ഹി :ഗുജറാത്ത്- ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടപ്പിന്‍റെ ജനവിധി ഇന്ന് അറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയ്‌ക്ക് ആരംഭിക്കും.ഗുജറാത്തിലെ 182 സീറ്റുകളിലേക്കും ഹിമാചല്‍ പ്രദേശിലെ 68 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്.
ഗുജറാത്തില്‍ പോസ്‌റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണിത്തുടങ്ങുക. 33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വേട്ടെണ്ണല്‍ നടക്കുക. 494 അസിസ്‌റ്റന്‍റ് ഇലക്ഷന്‍ ഉദ്യോഗസ്ഥരും 182 ഉദ്യോഗസ്ഥരും, നിരീക്ഷകരുമടക്കം 700ഓളം പേരെയാണ് കൗണ്ടിങ് സ്‌റ്റേഷനുകളിലായി നിയോഗിച്ചിരിക്കുന്നത്.
പോസ്‌റ്റല്‍ വോട്ടുകളുടെ ചുമതലകള്‍ക്കായി 78ലധികം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. ബിജെപി 117 മുതല്‍ 151 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 16 മുതല്‍ 51 ഇടങ്ങളില്‍ ജയിക്കുമെന്നും ആംആദ്‌മി പാര്‍ട്ടി 2 മുതല്‍ 13 വരെ മണ്ഡലങ്ങള്‍ കരസ്ഥമാക്കുമെന്നുമാണ് ഗുജറാത്തിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 1,5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.
ഹിമാചല്‍ പ്രദേശിലും വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയ്‌ക്ക് തന്നെ ആരംഭിക്കും. സുരക്ഷ ഉദ്യോഗസ്ഥരും റിട്ടേണിങ് ഉദ്യോഗസ്ഥരും നിരീക്ഷകരുമടക്കം ആയിരത്തില്‍പരം ഉദ്യോഗസ്ഥരാണ് വോട്ടെണ്ണലിന് മേല്‍നോട്ടം വഹിക്കുക. സംസ്ഥാനത്ത് നവംബര്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ 76.44 ശതമാനം വോട്ടര്‍മാരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
ഏകദേശം 87 ശതമാനം വോട്ടാണ് പോസ്‌റ്റല്‍ ബാലറ്റ് വഴി ലഭിച്ചത്. 68 മണ്ഡലങ്ങളിലായി 412 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഹിമാചലില്‍ ബിജെപിയ്‌ക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും.
അതേസമയം, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്‍റെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്‌സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലായി അറ് നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവാണ് മെയിന്‍പുരിയിലെ സ്ഥാനാര്‍ഥികളിലൊരാള്‍. യുപിയിലെ രാംപൂര്‍, ഖട്ടൗലി, ഒഡിഷ, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ് , ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.