അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ മാനനഷ്‌ടക്കേസ് നൽകി ഗുജറാത്ത് സർവകലാശാല. അരവിന്ദ് കെജ്‌രിവാളിനും എഎപി നേതാവ് സഞ്ജയ് സിങ്ങിനുമെതിരെയാണ് സര്‍വകലാശാല അഹമ്മദാബാദ് കോടതിയെ സമീപിച്ചത്. ഗുജറാത്ത് സർവകലാശാലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 500 (അപകീർത്തിപ്പെടുത്തൽ) പ്രകാരമുള്ള കേസിനെ തുടർന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ജയേഷ്ഭായ് ചൗട്ടിയയുടെ കോടതി അടുത്ത ശനിയാഴ്‌ച ഇരു എഎപി നേതാക്കളോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതി ഇങ്ങനെ:യൂണിവേഴ്‌സിറ്റി ജനറൽ സെക്രട്ടറിയുടെ അപേക്ഷയിലാണ് അഹമ്മദാബാദ് ക്രിമിനൽ കോടതി ഇരു നേതാക്കൾക്കുമെതിരെ സമൻസ് അയച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്ക് ശേഷം ഇരുനേതാക്കളും നടത്തിയ വാർത്താസമ്മേളനം ഗുജറാത്ത് സർവകലാശാലയുടെ യശസിന് കോട്ടം വരുത്തിയെന്നറിയിച്ചാണ് പരാതി. ഗുജറാത്ത് യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രേഖകൾ ഇതിനോടകം അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നും ഇത് നേരത്തെ അറിഞ്ഞിട്ടും രണ്ടുപേരും പ്രകോപിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണെന്നും ഹൈക്കോടതിയിൽ ഇവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഈ രേഖകൾ ഓൺലൈനിൽ കണ്ടെത്തിയതായറിയിച്ച കോടതി സഞ്ജയ് സിങ്ങും അരവിന്ദ് കെജ്‌രിവാളും അടുത്ത മെയ് 23ന് കോടതിയിൽ ഹാജരാകണമെന്നും നിര്‍ദേശിക്കുകയായിരുന്നു.
ബിരുദം തേടി, പിഴ നല്‍കി കോടതി: അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയത്. പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കെജ്‌രിവാളിന് നല്‍കണമെന്ന് ഗുജറാത്ത് സര്‍വകലാശാലയോടുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി നടപടി. ഏഴുവര്‍ഷം പഴക്കമുള്ള കമ്മിഷന്‍റെ ഉത്തരവിനെതിരെ ഗുജറാത്ത് സർവകലാശാലയുടെ അപ്പീൽ അനുവദിച്ചുകൊണ്ടായിരുന്നു ജസ്‌റ്റിസ് ബിരേൻ വൈഷ്‌ണവ് കെജ്‌രിവാളിന് പിഴ ചുമത്തിയത്. തുക നാലാഴ്‌ചയ്‌ക്കകം ഗുജറാത്ത് സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറാനും കോടതി ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിന്‍റെ നാള്‍വഴികള്‍:2016 ഏപ്രിലില്‍ സമര്‍പ്പിച്ച വിവരാവകാശ രേഖയില്‍ അന്നത്തെ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ സി ശ്രീധര്‍ ആചാര്യലുവാണ് പ്രധാനമന്ത്രി മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് കൈമാറാന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫിസ്, ഗുജറാത്ത് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല എന്നിവരോടായി വിവരാവകാശ രേഖയ്‌ക്ക് (ആര്‍ടിഐ) മറുപടി നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് സര്‍വകലാശാല ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.
ജനാധിപത്യത്തിൽ ഓഫിസ് വഹിക്കുന്നയാൾ ഡോക്‌ടറോ നിരക്ഷരനോ എന്ന വ്യത്യാസമില്ലെന്നും ഈ വിഷയത്തിൽ പൊതുതാത്‌പര്യം ഉൾപ്പെടുന്നില്ലെന്നും സര്‍വകലാശാലയ്‌ക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. മാത്രമല്ല കൂടാതെ ഇത് പ്രധാനമന്ത്രിയുടെ സ്വകാര്യതയെപ്പോലും ബാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചിലരുടെയെല്ലാം ബാലിശവും നിരുത്തരവാദപരവുമായ ജിജ്ഞാസയെ തൃപ്‌തിപ്പെടുത്താൻ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടാനാവില്ലെന്നും തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങള്‍ പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നതെന്നും അല്ലാതെ മാര്‍ക്ക് ഷീറ്റല്ലെന്നും കെജ്‌രിവാളിന്‍റെ അഭിഭാഷകനും തിരിച്ചടിച്ചിരുന്നു.