ഗുജറാത്ത്: ബിജെപിയിലെ യുവജന വിഭാഗത്തില്‍ തസ്തികകള്‍ വഹിക്കുന്നതിനുള്ള പ്രായപരിധി 35 ആയി നിജപ്പെടുത്തി. പുതിയ നിയമം ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. നിയമം നടപ്പാക്കിയതോടെ പാർട്ടിയുടെ യുവജന വിഭാഗത്തിലെ മൂന്ന് ഭാരവാഹികള്‍ രാജിവെക്കാൻ അപേക്ഷ നൽകി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയിൽ 60 വയസ്സിന് മുകളിലുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന നിയമവും പുറപ്പെടുവിച്ചു.
തീരുമാനത്തിന് പിന്നില്‍?
35 വയസിന് താഴെയുള്ളവർക്ക് പ്രധാന ഉത്തരവാദിത്തം നൽകാൻ ഗുജറാത്ത് ബിജെപി പ്രസിഡന്റ് സി ആർ പാട്ടീൽ തീരുമാനിക്കുകയായിരുന്നു. 18 വയസിന് മുകളിലുള്ള യുവാക്കൾ ബിജെപിയുടെ ദേശീയ പ്രത്യയശാസ്ത്രവുമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുക, 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 182 സീറ്റുകളും നേടുക എന്നീ പാട്ടിലിന്‍റെ ലക്ഷ്യം കൈവരിക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ഗുജറാത്ത് ബിജെപി പ്രസിഡന്റ് സി ആർ പാട്ടീലിന്‍റെ നേതൃത്വത്തിൽ യുവജന വിഭാഗത്തിന്‍റെ പുതിയ പ്രസിഡന്‍റ് പ്രശാന്ത് കോരട്ട് വിവിധ ജില്ലകളിലും മെഗാ നഗരങ്ങളിലുമുള്ള യൂത്ത് വിങ് യൂണിറ്റുകൾക്കായി ഭാരവാഹികളെ നിയമിക്കുകയാണ്. പാർട്ടിയുടെ 41 യൂത്ത് വിങ് യൂണിറ്റുകളിലും 35ഓളം ജില്ലകളിലും നഗരങ്ങളിലുമാണ് നിയമനം നടത്തുന്നത്.