അഹമ്മദാബാദ്: 118 കോടി ചെലവഴിച്ച് ഒരു പാലം നിര്‍മ്മിച്ചു. നാല്‍പത് ദിവസം മുന്‍പ് പൊതുജനങ്ങള്‍ക്കായി അത് തുറന്ന് നല്‍കുകയും ചെയ്‌തു. ഇതിന് പിന്നാലെ ഭരണകക്ഷിയായ ബിജെപി ആഘോഷങ്ങളും തുടങ്ങി. എന്നാല്‍, മണ്‍സൂണ്‍ തുടങ്ങിയതോടെ പാലത്തില്‍ വിള്ളലുകളുമുണ്ടായി. ഗുജാറാത്തിലെ സൂറത്തിലാണ് 'പാലാരിവട്ടം പാലത്തിന്' സമാനമായ ഒരു അവസ്ഥ ഉണ്ടായിരിക്കുന്നത്.
ഗുജറാത്തിലെ സൂറത്തില്‍ തപി നദിക്ക് കുറുകെയാണ് 118 കോടി ചെലവിട്ട് പുതിയ പാലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത്. കഴിഞ്ഞ മെയ് 17നായിരുന്നു മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പാലത്തിന്‍റെ ഉദ്‌ഘാടനം വെര്‍ച്വല്‍ ആയി നിര്‍വഹിച്ചത്. 1.5 കിലോമീറ്റര്‍ നീളത്തിലായിരുന്നു നാലുവരിപ്പാലത്തിന്‍റെ നിര്‍മാണം.
മഴ തുടങ്ങിയതിന് പിന്നാലെ 50 മീറ്റര്‍ നീളത്തിലും രണ്ട് മുതല്‍ 21 ഇഞ്ച് വരെ ആഴത്തിലുമുള്ള വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ തന്നെ നിര്‍മാണ കമ്പനിക്കും പ്രോജക്‌ട് കൺസൾട്ടൻസി ഗ്രീൻ ഡിസൈനിനും സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (എസ്എംസി) നോട്ടിസ് നല്‍കി. ഇപ്പോള്‍ ഈ വിഷയം ഗുജറാത്തിലെ ഭരണപക്ഷത്തിനെതിരെ ആയുധമാക്കിയിരിക്കുകയാണ് ആം ആദ്‌മി പാർട്ടി.
പാലം നിര്‍മാണത്തില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആംആദ്‌മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിന് പിന്നാലെ ഇവര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തിയിരുന്നു. 'കഴിഞ്ഞ ഒന്നരമാസത്തിനിടെ ഗുജറാത്തില്‍ അഞ്ച് പുതിയ പാലങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഉന്നത സമിതിയുടെ അന്വേഷണം ആവശ്യമാണ്'- എന്ന് ആം ആദ്‌മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഇസുദാന്‍ ഗഢ്‌വി പറഞ്ഞിരുന്നു.
അതേസമയം, പാലത്തിന് കാര്യമായ തകരാര്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സൂറത്ത് കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍മാരുടെ വാദം. മഴയില്‍ മണ്ണിടിഞ്ഞത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നമാണ് അവര്‍ പറയുന്നത്. പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിന് പിന്നാലെ കോര്‍പ്പറേഷന്‍ അധികൃതര്‍ സ്ഥലത്തെത്തുകയും റോഡിന് ഇരുവശവും അടച്ച് അറ്റകുറ്റ പണികള്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു.
നിര്‍മാണത്തിലിരുന്ന പാലം വെള്ളത്തില്‍:ഛത്തീസ്‌ഗഡിൽ നിര്‍മാണത്തിലിരുന്ന പാലം തകർന്നുവീണു. നദിയിലെ കുത്തൊഴുക്കില്‍ പാലത്തിന്‍റെ ഒരു ഭാഗം ഒലിച്ച് പോകുകയായിരുന്നു. ദുർഗ് ജില്ലയിലെ സിള്ളി-നങ്കട്ടി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന സഗ്നിഘട്ടിൽ നിർമിച്ചുകൊണ്ടിരിക്കുന്ന പാലം ജൂണ്‍ 28നായിരുന്നു തകര്‍ന്നത്. 16 കോടി ചെലവിട്ടായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരുന്നത്.
പാലം തകരുന്നതിന് മുന്‍പുള്ള നാല് ദിവസങ്ങളില്‍ മേഖലയില്‍ ശക്തിയായി മഴ പെയ്‌തിരുന്നു. തുടര്‍ന്ന് നദിയിലെ ഒഴുക്ക് ശക്തിയായി. ഇതോടെ, പാലത്തിന്‍റെ തൂണുകളെ ബന്ധിപ്പിച്ചുള്ള ഗർഡറുകൾ കോൺക്രീറ്റ് ചെയ്യുന്നതിനായി സ്ഥാപിച്ച തട്ടുകള്‍ തകരുകയും പാലം നദിയിലേക്ക് പതിക്കുകയുമായിരുന്നു.
നദിയിലെ ജലനിരപ്പ് നോക്കുന്നതിന് വേണ്ടി പ്രദേശവാസികള്‍ എത്തിയപ്പോഴായിരുന്നു പാലം തകർന്ന് വീണത്. സംഭവത്തില്‍, കരാറുകാരന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് പ്രദേശിക ഭരണകൂടം പറഞ്ഞു. പാലം തകര്‍ന്ന് വീഴുന്ന സമയം, ഇവിടെ സുരക്ഷ സംവിധാനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മൊത്തം 12 ലക്ഷം രൂപയുടെ നാശനഷ്‌ടം സംഭവിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Also Read :Bridge collapses in Bihar| ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു; മൂന്ന് ആഴ്‌ചക്കിടെ തകരുന്ന രണ്ടാമത്തെ പാലം