അഹമ്മദാബാദ്:മോര്‍ബിയില്‍ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപ്പാലം തകര്‍ന്ന് 142 ലധികം ജീവനുകള്‍ പൊലിഞ്ഞത് ഗുജറാത്തിനെ മാത്രമല്ല രാജ്യത്തെ ഒന്നാകെ നടുക്കിയാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവേശനം നിര്‍ത്തിവച്ച പാലം അറ്റകുറ്റപണികള്‍ പൂർത്തിയാക്കിയ ശേഷം ഒക്‌ടോബർ 26 നാണ് ഏജന്‍സി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. നാല് ദിവസങ്ങള്‍ക്കിപ്പുറം ഒക്‌ടോബര്‍ 30 നാണ് ജീവനുകള്‍ അപഹരിച്ചുകൊണ്ട് പാലം തകര്‍ന്നുവീഴുന്നത്.
അപകടത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണിയിലും പരിപാലനത്തിലും നടത്തിപ്പുകാരായ ഒറേവ ഗ്രൂപ്പിന് കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് കാണിച്ച് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. എന്നാല്‍ മോര്‍ബിയിലെ ദുരന്തം ബാക്കിവെക്കുന്ന ചില ചോദ്യങ്ങളുണ്ട്. തൂക്കുപാലം തകരാന്‍ കാരണം?, പാലം കൃത്യമായി സംരക്ഷിച്ചിരുന്നോ?, ആര്‍ക്കാണ് പാലത്തിന്‍റെ സംരക്ഷണ ചുമതല?, പാലത്തിന് അംഗീകാരമുണ്ടോ? തുടങ്ങി ഉയരുന്ന പ്രധാന ചോദ്യങ്ങളെയാണ് ഇടിവി ഭാരത് പരിശോധിക്കുന്നത്.
എന്താണ് സംഭവിച്ചത്: ഗാന്ധിനഗറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മോർബി നഗരത്തിലെ തൂക്കുപാലം കാണാന്‍ ഇന്നലെ (ഒക്‌ടോബര്‍ 30) പ്രദേശവാസികളുള്‍പ്പടെ 400 ലധികം ആളുകള്‍ എത്തുന്നു. വൈകുന്നേരം 6.30 ഓടെ പാലം തകരുന്നു. തകര്‍ച്ചയില്‍ കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു.
മോര്‍ബി പാലം, ഒരു ചരിത്രം: 1922 വരെ മോർബി ഭരിച്ചിരുന്ന സർ വാഗ്‌ജി താക്കൂർ, കൊളോണിയൽ സ്വാധീനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദർബർഗഡ് കൊട്ടാരത്തെ നസർബാഗ് കൊട്ടാരവുമായി (അന്നത്തെ രാജകുടുംബത്തിന്‍റെ വസതികൾ) ബന്ധിപ്പിക്കുന്നതിനാണ് മോര്‍ബി പാലം നിര്‍മിച്ചത്. മുംബൈ ഗവർണറായിരുന്ന റിച്ചാർഡ് ടെംപിൾ യൂറോപ്പിൽ അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 1.25 മീറ്റർ വീതിയും 233 മീറ്റർ നീളവുമുള്ള പാലം നിര്‍മിച്ചത്. അന്ന് ഏതാണ്ട് 3.5 ലക്ഷം രൂപ ചെലവാക്കി നിര്‍മാണമാരംഭിച്ച പാലം 1880-ൽ പൂർത്തിയായി. അതായത് 142 വർഷത്തെ പഴക്കമുണ്ട് ഈ തൂക്കുപാലത്തിന്.
പാലത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ആറ് മാസങ്ങളായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു സംഘം എൻജിനീയർമാരും കരാറുകാരും വിദഗ്‌ദരായ ഫാബ്രിക്കേറ്ററുമാരും ചേർന്നാണ് പാലത്തിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. ഇതിന് രണ്ട് കോടി രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്. പാലത്തിന്‍റെ നവീകരണത്തിനുള്ള ഭാരക്കുറവുള്ള പ്രത്യേക ഗുണനിലവാരമുള്ള അലുമിനിയം ഷീറ്റുള്‍പ്പടെ പ്രാഥമിക സാമഗ്രികള്‍ നിര്‍മിച്ചു നല്‍കിയത് ജിന്‍ഡാല്‍ കമ്പനിയാണ്.
ഫിറ്റ്നസ് ഇല്ലേ?: പാലം മോശം നിലയിലായതിനെ തുടര്‍ന്ന് കലക്‌ടറുടെ മേല്‍നോട്ടത്തില്‍ ചര്‍ച്ചകള്‍ നടന്നതിന് ശേഷമാണ് പുതുക്കി പണിയാനുള്ള തീരുമാനത്തിലെത്തുന്നത്. ഇതുപ്രകാരം 2022 മാര്‍ച്ച് ഏഴിന് ഒറേവ ഗ്രൂപ്പുമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 15 വര്‍ഷത്തെ കരാറും ഒപ്പിട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തായാക്കി പാലം ജനങ്ങള്‍ക്കായി തുറന്നും കൊടുത്തു.
എന്നാല്‍ അറ്റകുറ്റപണികള്‍ നിര്‍വഹിച്ച സ്ഥാപനം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് തൂക്കുപാലം ഉദ്‌ഘാടനം ചെയ്‌തതെന്ന ആരോപണവുമായി ആദ്യമായി രംഗത്തെത്തിയത് മോർബി മുനിസിപ്പാലിറ്റി ചീഫ് ഓഫിസർ സന്ദീപ്‌സിങ് ജാലയാണ്. പാലത്തിന്‍റെ ശേഷിയും ഉപയോഗിച്ച മെറ്റീരിയലിന്‍റെ തരവും മുനിസിപ്പാലിറ്റിയോട് വെളിപ്പെടുത്തിയിട്ടില്ല എന്നു വ്യക്തമാക്കിയാണ് അദ്ദേഹം രംഗത്തെത്തിയത്. എന്നാല്‍ അപ്പോഴും കരാറു കമ്പനി അറിയിച്ചത് 15 വര്‍ഷം വരെ കേടുപാടുകള്‍ സംഭവിക്കാതെ നിലനില്‍ക്കുമെന്നായിരുന്നു.
അഗ്നിശമന വിഭാഗം വിലയിരുത്തല്‍:ഒരു പാലം നിര്‍മിക്കുമ്പോള്‍ ആദ്യം വിലയിരുത്തേണ്ടത് അതിന്‍റെ ശേഷിയാണെന്ന് അഗ്നിശമന വിഭാഗം പറയുന്നു. ഇതില്‍ തന്നെ ഇനം തിരിച്ചുള്ള വിപുലമായ പരിശോധനയ്‌ക്കും വിലയിരുത്തലിനും ശേഷം മാത്രമെ ആളുകളുടെ ജീവന്‍ സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാറുള്ളു. ഇതില്‍ ഓരോ മുനിസിപ്പാലിറ്റിക്കും അവരുടേതായ മാനദണ്ഡങ്ങളുണ്ടാകാമെങ്കിലും പാലം നിര്‍മാണത്തില്‍ പൊതുവായുള്ള എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ എന്ന പരിശോധനയുണ്ടാകും എന്നും ഇവര്‍ വ്യക്തമാക്കുന്നു.