മോര്‍ബി (ഗുജറാത്ത്):തൂക്കുപാലം തകര്‍ന്ന് 142 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പാലത്തിന്‍റെ അറ്റകുറ്റ പണികള്‍ നടത്തിയ ഏജന്‍സികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്. അപകടത്തില്‍ പാലത്തിന്‍റെ അറ്റകുറ്റപണികള്‍ നടത്തിയ നടത്തിപ്പുകാരായ ഒറേവ ഗ്രൂപ്പിനെതിരെയാണ് പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. അതേസമയം സംഭവത്തില്‍ ഇതുവരെ ആരെയും അറസ്‌റ്റ് ചെയ്യുകയോ കസ്‌റ്റഡിയിലെടുക്കുകയോ ചെയ്‌തിട്ടില്ല.
മോര്‍ബി തൂക്കുപാലം അപകടം: അറ്റകുറ്റപണികള്‍ നടത്തിയ ഏജന്‍സികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്
ഗുജറാത്ത് മോര്‍ബിയിലെ തൂക്കുപാലം തകര്‍ന്ന് 142 പേര്‍ മരിച്ച സംഭവത്തില്‍ അറ്റകുറ്റ പണികള്‍ നടത്തിയ ഏജന്‍സിയായ ഒറേവ ഗ്രൂപ്പിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് ചുമത്തി പൊലീസ്
നഗരം കേന്ദ്രീകരിച്ച് ക്ലോക്കുകളും ഇ-ബൈക്കുകളും നിര്‍മിച്ചു നല്‍കുന്ന പ്രമുഖ നിര്‍മാതാക്കളായ ഒറേവ ഗ്രൂപ്പിനാണ് പാലം നവീകരണത്തിന്‍റെയും അറ്റകുറ്റപണിയുടെയും കരാര്‍ നല്‍കിയിരുന്നതെന്ന് മോര്‍ബി മുനിസിപ്പാലിറ്റി ചീഫ് ഓഫിസര്‍ സന്ദീപ്‌സിന്‍ഹ് സാല കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ഇന്നലെ (30.10.2022) രാത്രി തന്നെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തുവെന്നും ചിലരെ പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്കായി വിളിപ്പിച്ചിട്ടുണ്ടെന്നും മോര്‍ബി പൊലീസ് സൂപ്രണ്ട് രാഹുല്‍ ത്രിപാഠി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം 304 (കൊലപ്പെടുത്തണമെന്ന് ഉദ്യേശമില്ലാതെയുള്ള മനഃപൂര്‍വമല്ലാത്ത നരഹത്യ), 308 (കൊലപാതക ശ്രമം) എന്നിവ ചുമത്തിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് മോര്‍ബിയിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 142 പേര്‍ മരണപ്പെടുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവേശനം നിര്‍ത്തിവച്ച തൂക്കുപാലം അറ്റകുറ്റപണികള്‍ പൂർത്തിയാക്കിയ ശേഷം ഒക്‌ടോബർ 26 നാണ് ഏജന്‍സി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. അതുകൊണ്ടുതന്നെ പാലത്തിന്‍റെ അറ്റകുറ്റപ്പണിയിലും പരിപാലനത്തിലും ഏജന്‍സികള്‍ ശ്രദ്ധിച്ചില്ലെന്നും കുറ്റകരമായ അനാസ്ഥയാണുണ്ടായതെന്നും എഫ്ഐആറില്‍ പറയുന്നു.