അഹമ്മദാബാദ്: ഗുജറാത്ത് സർക്കാരിന്‍റെ ജൂനിയർ ക്ലർക്ക് റിക്രൂട്ട്‌മെന്‍റിനായുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. ഇന്ന് നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതായി സംസ്ഥാന പഞ്ചായത്ത് പരീക്ഷാ ബോർഡ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 2,995 കേന്ദ്രങ്ങളിലായി 1,181 തസ്‌തികകളിലേക്ക് നടത്താനിരുന്ന പരീക്ഷയിൽ 9.5 ലക്ഷം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യപേപ്പറിന്‍റെ പകർപ്പ് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് പരീക്ഷ മാറ്റിവച്ചതായി ഗുജറാത്ത് പഞ്ചായത്ത് സർവീസ് സെലക്ഷൻ ബോർഡ് പ്രസ്‌താവനയിലൂടെ അറിയിക്കുകയായിരുന്നു.
ജൂനിയർ ക്ലർക്ക് (അഡ്‌മിനിസ്‌ട്രേറ്റീവ്/അക്കൗണ്ടിങ്) പരീക്ഷ ജനുവരി 29 ന് രാവിലെ 11 നും 12 നും ഇടയിൽ വിവിധ ജില്ലകളിലായി നടത്തേണ്ടതായിരുന്നു. അതേസമയം ഉദ്യോഗാർഥികൾക്കുണ്ടായ അസൗകര്യത്തിൽ സർവീസ് സെലക്ഷൻ ബോർഡ് ഖേദം പ്രകടിപ്പിച്ചു. പുതുക്കിയ ചോദ്യപ്പേപ്പറുമായി പരീക്ഷ എത്രയും പെട്ടന്ന് തന്നെ നടത്തുമെന്നും ഇതിനായി പുതിയ പരസ്യം നൽകുമെന്നും ബോർഡ് വ്യക്‌തമാക്കി.
സംഭവത്തിൽ മുഖ്യ പ്രതികൾക്കായി പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പൊലീസ് പിടികൂടിയ വ്യക്‌തിയിൽ നിന്ന് ചോദ്യപേപ്പറിന്‍റെ ഒരു കോപ്പി മാത്രമാണ് പിടിച്ചെടുക്കാനായത്. ഇതിനിടെ ഗുജറാത്ത് സർക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് കഴിഞ്ഞ 12 വർഷത്തിനിടെ റദ്ദാക്കിയ 15-ാമത് സർക്കാർ പരീക്ഷയാണിതെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി അവകാശപ്പെട്ടു.
കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും മുഖ്യപ്രതികളെ പിടികൂടാൻ പോലും സാധിച്ചിട്ടില്ല. സംസ്ഥാനത്തെ യുവാക്കളുടെ ഭാവിയുമായാണ് സർക്കാർ കളിക്കുന്നത്. 2016ൽ ആദ്യ പരസ്യം നൽകിയ പരീക്ഷ മൂന്നാം തവണയും റദ്ദാക്കിയതായും ദോഷി അവകാശപ്പെട്ടു. ചോദ്യപേപ്പറുകൾ ചോർന്ന സംഭവത്തിൽ ഉദ്യോഗാർഥികളും വ്യാപകമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.