ഗാന്ധിനഗർ: അപകീർത്തി കേസിൽ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും. ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്. അപകീർത്തിക്കേസിൽ രാഹുലിന് രണ്ട് വർഷത്തെ തടവ ശിക്ഷ വിധിച്ചിരുന്നു.
അപകീർത്തി കേസ്: രാഹുൽ ഗാന്ധി നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും - രാഹുൽ ഗാന്ധി
സൂറത്ത് സെഷൻസ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഹൈക്കോടതി നാളെ പരിഗണിക്കും
ഈ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ സൂറത്ത് സെഷൻസ് കോടതിയിൽ നൽകിയ ഹർജി കോടതി ഏപ്രിൽ 20 ന് തള്ളിയിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗീത ഗോപിയുടെ മുമ്പാകെയാണ് രാഹുൽ ആദ്യം അപ്പീൽ സമർപ്പിച്ചതെങ്കിലും അവർ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയതിനാൽ ജസ്റ്റിസ് ഹേമന്ത് പ്രച്‌ഛക് ആണ് ശനിയാഴ്‌ച വാദം കേൾക്കുക.
2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ മോദി സമുദായപ്പേര് ഉപയോഗിച്ച് 'എങ്ങനെയാണ് എല്ലാ കള്ളന്മാരുടെയും കുടുംബപ്പേര് മോദി എന്നാകുന്നത്' എന്ന വിവാദ പ്രസംഗം നടത്തിയത്. കേസിൽ മാർച്ച് 23നാണ് സൂറത്ത് കോടതി രാഹുൽ കുറ്റക്കാരനെന്ന് കണ്ട് രണ്ട് വർഷത്തെ തടവ് ശിക്ഷയ്‌ക്ക് വിധിച്ചത്. ഈ വിധിയെ തുടർന്ന് വയനാട് എം പിയായിരുന്ന രാഹുൽ ഗാന്ധിയെ പാർലമെന്‍റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. കേസിൽ നിലവിൽ ജാമ്യത്തിലാണ് രാഹുൽ ഗാന്ധി.