കേരളം

kerala

ETV Bharat / bharat

ബാബേസിയോസിസ് : ഗിർ വനത്തിൽ 15 ദിവസത്തിനിടെ ചത്തത് അഞ്ച് സിംഹങ്ങള്‍ - ഗിർ ഗുജറാത്ത്

സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് വനംവകുപ്പ്

Gujarat : Five lions died in 15 days in Gir  Babesiosis Suspected; samples sent for testing  ബാബേസിയോസിസ്  ഗിർ വനം  സിംഹങ്ങൾ  ഗുജറാത്തിലെ ഗിർ വനം  കനൈൻ ഡിസ്റ്റെംപർ വൈറസ്  ഗിർ ഗുജറാത്ത്  മൃഗശാല
ഗിർ വനത്തിൽ 15 ദിവസത്തിനിടെ അഞ്ച് സിംഹങ്ങൾ ചത്തു; ബാബേസിയോസിസ് രോഗമെന്ന് സംശയം

By

Published : Jul 3, 2021, 10:15 PM IST

ഗാന്ധിനഗർ :ഗുജറാത്തിലെ ഗിർ വനത്തിലെ കിഴക്ക്, പടിഞ്ഞാറ്, ഗ്രേറ്റർ ഗിർ പ്രദേശങ്ങളിൽ 15 ദിവസത്തിനിടെ അഞ്ച് സിംഹങ്ങൾ ചത്തു. ഇവയുടെ സാമ്പിളുകൾ കൂടുതൽ വിശകലനത്തിനായി വനംവകുപ്പ് ലബോറട്ടറിയിലേക്ക് അയച്ചതായി ഗിർ റേഞ്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. വാസവാഡ പറഞ്ഞു.

2018 മുതൽ സിംഹങ്ങളിൽ കണ്ടുവരുന്ന ബാബേസിയോസിസ് എന്ന രോഗം മൂലമാണ് സിംഹങ്ങൾ ചത്തതെന്നാണ് മൃഗ സ്‌നേഹികൾ ആരോപിക്കുന്നത്. എന്നാല്‍ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2018 ൽ സിംഹങ്ങളെ കൊന്നത് കനൈൻ ഡിസ്റ്റെംപർ വൈറസ്

2018 ൽ ഗിർ വനത്തിലെ 50 ലധികം സിംഹങ്ങൾക്ക് കാനൈൻ ഡിസ്റ്റെംപർ വൈറസ് ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് 30ലധികം സിംഹങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രോഗം ബാധിച്ച 31സിംഹങ്ങളെ ജാംവാല മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചു. ഡൽഹിയിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നുമുള്ള ഡോക്ടർമാരാണ് ഇവയെ ചികിത്സിച്ചിരുന്നത്.

എന്നാൽ വൈറസ് നിയന്ത്രണ വിധേയമാകാത്തതിനെ തുടർന്ന് യുഎസിൽ നിന്നുള്ള ഡോക്ടർമാരുടെ സഹായം ലഭിച്ചു. പ്രതിരോധ കുത്തിവയ്പ്പിനും ശരിയായ ചികിത്സയ്ക്കും ശേഷം 31 സിംഹങ്ങളും ഒടുവിൽ രോഗമുക്തരായി.

സിംഹങ്ങൾക്കും കൊവിഡ്

കൊറോണ കാലഘട്ടത്തിൽ രാജ്യത്തെ ചില മൃഗശാലകളിൽ സിംഹങ്ങൾക്കും രോഗം ബാധിച്ചിരുന്നു. ഇതോടെ രാജ്യത്തെ മിക്ക മൃഗശാലകളും അടച്ചിട്ടു. സിംഹങ്ങൾക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ഗിർ പ്രദേശത്തെ സിംഹങ്ങളിൽ ബാബേസിയോസിസ് ഉണ്ടെന്ന സംശയം ബലപ്പെടുന്നത്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഗിർ വനത്തിൽ നിരവധി സിംഹങ്ങൾ ബാബേസിയോസിസ് രോഗം മൂലം ചത്തിരുന്നു.

എന്താണ് ബാബേസിയോസിസ്?

മൃഗങ്ങളിൽ കണ്ടുവരുന്ന ഒരു തരം രോഗമാണ് ബാബേസിയോസിസ്. ബാബേസിയ എന്ന ഏകകോശ ജീവിയുടെ അണുബാധയിലൂടെയാണ് ഇത് പകരുന്നത്. ട്രിപനോസോമുകൾക്ക് ശേഷം കന്നുകാലികളിൽ ഏറ്റവും സാധാരണമായ കണ്ടുവരുന്ന രോഗമാണിത്.

ഇത് മനുഷ്യരിൽ വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. ബാബേസിയ ജനുസ്സിലെ ഏകകോശ ജീവികൾ മൃഗങ്ങളിലെ രക്തകോശങ്ങളിൽ പ്രവേശിക്കുമ്പോൾ അതിന്‍റെ എണ്ണം വർധിക്കുന്നു. ഇത് മൃഗങ്ങളിലെ രക്താണുക്കളെ നശിപ്പിക്കാൻ കാരണമാകുന്നു.

ഇത് മൃഗങ്ങളിൽ വിളർച്ചക്കും, ബലഹീനതയ്ക്കും, മഞ്ഞപ്പിത്തത്തിനും കാരണമാകുന്നു. ശരിയായ ചികിത്സയുടെ അഭാവം മൂലം മരണത്തിലേക്ക് നയിക്കുകയും ചെയ്യും.

ഗിർ സിംഹങ്ങളിൽ ബാബേസിയോസിസ്?

ഇവിടെ മരിച്ച 5 സിംഹങ്ങളിൽ ഭൂരിഭാഗവും മോച്ച് റവന്യൂ പ്രദേശത്തുള്ളവയാണ്. ഈ പ്രദേശത്ത് കർഷകർ അവരുടെ കന്നുകാലികളെ മേയാൻ വിടാറുണ്ട്. സിംഹങ്ങൾ കന്നുകാലികളെ ആക്രമിക്കാറുള്ളതായും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതിൽ രോഗം ബാധിച്ച എതെങ്കിലും കന്നുകാലിയെ പിടികൂടിയതിലൂടെ ഈ രോഗം സിംഹങ്ങളിലേക്ക് പടരാനുള്ള സാധ്യതയും നിഷേധിക്കാനാവില്ല. എന്നിരുന്നാലും പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ റിപ്പോർട്ടിന് ശേഷം മാത്രമേ വസ്തുത വ്യക്തമാകൂ.

ABOUT THE AUTHOR

...view details