ന്യൂഡല്‍ഹി : ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മെയ് ഒന്നിന് ആരംഭിക്കും. ദഹോദില്‍ നടക്കുന്ന ഗോത്ര വര്‍ഗ റാലിയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. റാലിയുടെ മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്ന് മുന്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ചാവ്റ ഇടിവി ഭാരതിനോട് പറഞ്ഞു.
2017 ലെ തെരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി ആദിവാസി മേഖലയിലെ വിഷയം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. ഇവരുടെ ക്ഷേമപ്രവര്‍ത്തനത്തിനായി അനുവദിച്ച ഫണ്ട് കൃത്യമായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ പ്രധാന ആരോപണം. മെയ് ഒന്നിന് നടക്കുന്ന റാലിയിലും സമാനവിഷയങ്ങളുയര്‍ത്തി ബിജെപിയെ പ്രതിരോധത്തിലാക്കാമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
റാലിയിലൂടെ സംസ്ഥാനത്തെ 35 മുതല്‍ 40 വരെ മണ്ഡലങ്ങളെ സ്വാധീനിക്കുന്ന 15 ശതമാനത്തോളം ഗോത്രവിഭാഗവോട്ടുകളാണ് കോണ്‍ഗ്രസ് ലക്ഷ്യംവയ്‌ക്കുന്നത്. ബിജെപി സർക്കാരിന്റെ പോരായ്‌മകൾ ഉയർത്തിക്കാട്ടാൻ കഴിഞ്ഞ കുറേ മാസങ്ങളായി സംസ്ഥാനത്ത് കോൺഗ്രസ് ആദിവാസികളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നുണ്ട്. പർ-നർമ്മദ-താപ്‌തി നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ആദിവാസി മേഖലകൾക്ക് ഭീഷണിയാണെന്ന് പറഞ്ഞ് നിര്‍ത്തലാക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
സിഎൽപി നേതാവ് രത്വയുടെയും എംഎൽഎ അനന്ത് പട്ടേലിന്റെയും നേതൃത്വത്തിൽ തലസ്ഥാനമായ ഗാന്ധിനഗറിലും ധരംപൂർ, താപി, ഡാങ്, കപ്രാല തുടങ്ങിയ പ്രദേശങ്ങളിലും കേന്ദ്ര സർക്കാർ പദ്ധതിക്കെതിരെ സംസ്ഥാന കോൺഗ്രസ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 50,000 ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും രത്വ പറഞ്ഞു.