ബറൂച്ച് (ഗുജറാത്ത്):ഗുജറാത്തിലെ ബറൂച്ചില്‍ കഴിഞ്ഞദിവസം (16.08.2022) മയക്കുമരുന്നിന്‍റെ വന്‍ ശേഖരം പിടിച്ചെടുത്തതിന് പിന്നാലെ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിയമപരമായ മയക്കുമരുന്ന് ഫോർമുലേഷനുകൾ നിർമ്മിക്കുന്നതിന്റെ മറവിലാണ് സ്ഥാപന ഉടമകള്‍ 30,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന 3 നിലകളുള്ള കമ്പനിയില്‍ ലഹരിപദാര്‍ഥങ്ങള്‍ നിര്‍മ്മിച്ചത്. ബറൂച്ച് എസ്‌പി ഡോ.ലീന പാട്ടീലിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പനോലി ആസ്ഥാനമായുള്ള ഇൻഫിനിറ്റി റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് കമ്പനിയിൽ ഗുജറാത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നത്.
'രസതന്ത്രത്തില്‍ ബിരുദമുള്ളതും, രാസവസ്‌തു നിര്‍മാണത്തിന്‍റെ ലൈസന്‍സും മറയാക്കി'; ബറൂച്ചിലെ വന്‍ ലഹരി വേട്ടയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വമ്പൻ മയക്കുമരുന്ന് സാമ്രാജ്യം: അങ്കലേശ്വറിലെ ചിന്തൻ രാജു പൻസേരിയയും, ജയന്ത് ജിതേന്ദ്ര തിവാരിയുമാണ് കമ്പനിയുടെ ഉടമകള്‍. ഇതില്‍ ഫിനാന്‍സ് ഉള്‍പ്പടെ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ളത് ചിന്തൻ രാജു പൻസേരിയയാണ്. അതേസമയം, മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് മയക്കുമരുന്ന് നിർമാണത്തിനുള്ള സാമഗ്രികൾ വാങ്ങാന്‍ സജീവമായി പങ്കുവഹിച്ചതോടെ ജിതേന്ദ്ര തിവാരി സംഘത്തില്‍ ഒഴിച്ചുകൂടാനാകാത്ത വ്യക്തിയായി.
രാസ കമ്പനിക്ക് മറവിലുള്ള ഈ ലഹരിമരുന്ന് നിർമാണത്തിന്റെ സൂത്രധാരന്‍ ജയന്തിന്‍റെ മാതൃസഹോദരൻ ദീക്ഷിതാണ്. രസതന്ത്രത്തില്‍ ബിരുദമുള്ള ഇയാളാണ് സംഘത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുത്തത്. ഇയാളെ മുംബൈ ആന്റി നാർക്കോട്ടിക് സെല്‍ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. സംഘം ജനുവരി മുതലാണ് ഫാക്‌ടറിയില്‍ മയക്കുമരുന്ന് നിർമാണം ആരംഭിക്കുന്നത്.
മുംബൈയില്‍ നിന്ന് നിര്‍മാണ സാമഗ്രികളെത്തിച്ച് മയക്കുമരുന്ന് നിര്‍മിച്ച് എട്ട് മാസത്തോളം ഇവര്‍ വില്‍പന നടത്തി. ഇതിനിടയില്‍ മയക്കുമരുന്ന് വിതരണക്കാര്‍, കൊണ്ടുനടന്ന് വില്‍പന നടത്തുന്നവര്‍, നിർമ്മാതാക്കൾ, ചെറുകിട വിൽപനക്കാർ തുടങ്ങിയവരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു. അതേസമയം, ഈ അന്തർ സംസ്ഥാന മയക്കുമരുന്ന് റാക്കറ്റ് രാജ്യാന്തരമായി പ്രവര്‍ത്തിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
കമ്പനിയുടെ രണ്ടാം നിലയിൽ നിർമിച്ച റിയാക്‌ടറിൽ നിന്ന് ദ്രാവക രൂപത്തിലുള്ള 1300 ലിറ്റർ മെഫെഡ്രോൺ മരുന്നുകൾ കണ്ടെത്തിയിരുന്നു. 83 കിലോഗ്രാം എംഡി മയക്കുമരുന്നും കമ്പനിക്ക് അകത്ത് ഉണ്ടായിരുന്നു. 13.24 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് ലഹരിവസ്‌തുക്കൾ, നിര്‍മാണ സാമഗ്രികള്ളായ രാസവസ്‌തുക്കള്‍, 75000 രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകള്‍, മറ്റ് രേഖകള്‍ എന്നിവയാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പൊലീസ് കസ്‌റ്റഡിയിലാണ്.