ന്യൂഡല്‍ഹി:ഗുജറാത്തിലെ 182 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടത്തില്‍ 89 സീറ്റുകളില്‍ ഡിസംബര്‍ ഒന്നിനും രണ്ടാമത്തെ ഘട്ടത്തില്‍ 93 സീറ്റുകളില്‍ ഡിസംബര്‍ അഞ്ചിനും വോട്ടെടുപ്പ് നടക്കും.
ആകാശവണി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.
ഇക്കുറി 4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. ഇതില്‍ 3,24,420 പേര്‍ പുതിയതായി പട്ടികയില്‍ പേര് ചേര്‍ത്തവരാണ്. 51,782 പോളിങ് സ്റ്റേഷനുകള്‍ ഇക്കുറി ഒരുക്കിയിട്ടുണ്ട്. ചട്ടലംഘനം നടന്നാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാൻ ആപ്പ് പുറത്തിറക്കിയതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ചെയ്താല്‍ ഒന്നര മണിക്കൂറിനകം നടപടിയുണ്ടാവും.
ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18നാണ് അവസാനിക്കുന്നത്. 182 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 111 എം.എൽ.എമാരും കോൺഗ്രസിന് 62 പേരുമുണ്ട്. 1995 മുതല്‍ ഗുജറാത്ത് ബിജെപിയുടെ കൈകളിലാണ്. പ്രധാനമന്ത്രി മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം തവണയും ഭരണം ഉറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
സംസ്ഥാനത്ത് അധികാരത്തില്‍ തിരികെയെത്താന്‍ കോണ്‍ഗ്രസ് പല രീതിയിലും ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം ദയനീയമായി പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്‌ച സംഭവിച്ച മോർബി തൂക്കുപാല ദുരന്തം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷവും സജീവമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കില്‍ ഇക്കുറി ആം ആദ്മി കൂടി സജീവമായി കളത്തിലിറങ്ങിയതോടെ ത്രികോണ മത്സരം ഉറപ്പായി. ബിജെപിക്ക് ആം ആദ്‌മി പാർട്ടി ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വേണമെന്നതുൾപ്പടെയുള്ള പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവന ഇത് ലക്ഷ്യം വച്ചുള്ളതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read:-ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി ഇന്നറിയാം: ഇലക്ഷൻ കമ്മിഷന്‍റെ വാര്‍ത്ത സമ്മേളനം ഉച്ചയ്ക്ക് 12ന്