അഹമ്മദാബാദ് :ഗുജറാത്ത് മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ എഡിആർ (അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്) തിങ്കളാഴ്‌ച പുറത്തുവിട്ട കണക്കുകള്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. മത്സരിക്കുന്ന 1,621 സ്ഥാനാർഥികളിൽ 330 പേർക്കെതിരെ ക്രിമിനൽ കേസുകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് അത്. അതായത് ഏകദേശം 20 ശതമാനം പേരും 'ക്രിമിനല്‍ സ്ഥാനാര്‍ഥികള്‍' എന്ന് ചുരുക്കം.
ഇക്കൂട്ടത്തില്‍, എഎപിയുടെ 61 സ്ഥാനാർഥികള്‍ക്കെതിരെയാണ് കേസുള്ളത്. പുറത്തുവന്ന പട്ടികയിൽ ക്രിമിനല്‍ കേസില്‍പ്പെട്ട സ്ഥാനാര്‍ഥികളാല്‍ ഒന്നാമതാണ് എഎപി. 2017ല്‍ ഇത്തരത്തില്‍ കേസുകളുള്ള സ്ഥാനാർഥികളുടെ ആകെ എണ്ണം 238 ആയിരുന്നെങ്കില്‍ ഇത്തവണ അത് 330ലെത്തിയതോടെ 92 പേരുടെ വളര്‍ച്ചയാണ് കണക്ക് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ഘട്ടങ്ങളിലെയും സ്ഥാനാർഥികളുടെ സർവേയ്ക്ക് ശേഷമാണ് എഡിആർ റിപ്പോർട്ട് പുറത്തുവിട്ടത്. കോൺഗ്രസ് - 60, സംസ്ഥാന ഭരണകക്ഷിയായ ബിജെപി - 32, എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്കെതിരായ ക്രിമിനൽ കേസുകളുടെ കണക്കിലെ നില.
ബലാത്സംഗ കേസില്‍ ഒരാള്‍, 20 പേർക്കെതിരെ വധശ്രമം :192 സ്ഥാനാർഥികൾക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം എന്നിങ്ങനെ നീളുന്നു കേസുകള്‍. ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 89 സീറ്റുകളിലേക്ക് മത്സരിക്കുന്ന 167 പേര്‍ക്കെതിരെയും രണ്ടാം ഘട്ടത്തിലെ 93 സീറ്റുകളിൽ മത്സരിക്കുന്ന 163 പേര്‍ക്കുമെതിരെയാണ് കേസ്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായിട്ടുള്ള സ്ഥാനാർഥികളില്‍ എഎപി 43, കോൺഗ്രസ് 28, ബിജെപി 25 എന്നിങ്ങനെയാണ് കണക്ക്. സംസ്ഥാനത്തെ 182 അംഗ നിയമസഭയിലേക്ക് യഥാക്രമം എഎപി, കോൺഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളില്‍ നിന്ന് 181, 179, 182 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.
ALSO READ|ഗുജറാത്തില്‍ 'ബദലാകാൻ' ഒവൈസിയും കൂട്ടരും; ബിജെപിയ്‌ക്കുള്ള 'എളുപ്പ പണിയോ'...