ഗാന്ധിനഗർ : ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച ഭാരതീയ ജനത പാർട്ടി ലക്ഷ്യത്തിൽ. 15ാമത് നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി താമരപ്പൂന്തോട്ടം തീർത്തപ്പോൾ കോൺഗ്രസ് അടപടലം വീണു. ഏറെ പ്രതീക്ഷയോടെ പോരാട്ടത്തിനിറങ്ങിയ എഎപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായില്ല.
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ 182 നിയമസഭ സീറ്റുകളിൽ 100 സീറ്റുകളിൽ വിജയിച്ച ബിജെപി 55 ഇടങ്ങളില്‍ ലീഡ് ചെയ്യുകയാണ്. അഞ്ച് സീറ്റുകളിൽ വിജയം ഉറപ്പിച്ച കോൺഗ്രസ് 13 സീറ്റുകളിൽ ലീഡുമായി രണ്ടാം സ്ഥാനത്തുണ്ട്. ആം ആദ്‌മി പാർട്ടി മൂന്ന് സീറ്റിൽ ആശ്വാസ വിജയം നേടി രണ്ട് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
മിക്ക മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പകുതിയിലേറെ പൂർത്തിയായ സാഹചര്യത്തിലാണ് ഈ ചിത്രം. 2002 ലെ 127 സീറ്റ് എന്ന പാർട്ടിയുടെ എക്കാലത്തെയും മികച്ച റെക്കോർഡാണ് ഈ തെരഞ്ഞെടുപ്പിലൂടെ ഭാരതീയ ജനത പാർട്ടി മറികടക്കുന്നത്. 1985 ൽ മാധവ് സിങ് സോളങ്കിയുടെ നേതൃത്വത്തിൽ 149 സീറ്റുകൾ നേടിയ കോൺഗ്രസ് പാർട്ടി സ്ഥാപിച്ച സർവകാല റെക്കോർഡും ബിജെപി തകര്‍ത്തു.
1995ന് ശേഷം ഗുജറാത്തിൽ ബിജെപി ഒരു തെരഞ്ഞെടുപ്പിലും തോറ്റിട്ടില്ല. ഈ തെരഞ്ഞെടുപ്പ് ഫലം 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുമെന്ന പ്രതീതി ശക്തിപ്പെടുത്തുന്നതാണ്. പണപ്പെരുപ്പം, തൊഴിലില്ലായ്‌മ തുടങ്ങി നിരവധി വിഷയങ്ങളിലുള്ള പ്രതിപക്ഷാക്രമണങ്ങളെ മറികടന്നുമാണ് ബിജെപിയുടെ വിജയം.
കോൺഗ്രസ് മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആം ആദ്‌മി പാർട്ടി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സാധ്യതയ്‌ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ ചോര്‍ത്താന്‍ പലയിടങ്ങളിലും എഎപിക്ക് സാധിച്ചു. ഇത് ചിലയിടങ്ങളില്‍ ബിജെപി വിജയത്തിന് കാരണമാവുകയും ചെയ്‌തു. ഏഴാം തവണയാണ് പ്രധാന മന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തുന്നത്.