ഗാന്ധിനഗർ: ധർമ സ്വാതന്ത്ര്യ (മതസ്വാതന്ത്ര്യ) നിയമം, 2003 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ ഗുജറാത്ത് നിയമസഭ പാസാക്കി. ബജറ്റ് സമ്മേളനത്തിന്‍റെ സമാപന ദിനത്തിലാണ് 'ലവ് ജിഹാദ്' എന്നറിയപ്പെടുന്ന നിർബന്ധപൂർവമുള്ള മതപരിവർത്തനങ്ങളെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ബിൽ പാസാക്കുന്നത്.
ഭരണകക്ഷിയായ ബിജെപി അവതരിപ്പിച്ച ഭേദഗതിയിൽ; മെച്ചപ്പെട്ട ജീവിതശൈലി, വിവാഹത്തിന്‍റെ മറവിൽ ആൾമാറാട്ടം എന്നിവ വാഗ്ദാനം ചെയ്യുന്ന മതപരിവർത്തനങ്ങളെ കർശനമായി നിരോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നിയമസഭാ മന്ത്രി പ്രദീപ് സിങ് ജഡേജയാണ് സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്.
ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് വിവാഹം വഴി ആരെങ്കിലും മതപരിവർത്തനം നടത്തുകയാണെന്ന് കണ്ടെത്തിയാൽ അല്ലെങ്കിൽ ഒരു വ്യക്തിയെ വിവാഹം കഴിക്കുകയോ അല്ലെങ്കിൽ വിവാഹം കഴിക്കാൻ ഒരാളെ സഹായിക്കുകയോ ചെയ്താൽ മൂന്ന് വർഷത്തിൽ കുറയാത്തതും അഞ്ച് വർഷം വരെ തടവുമാണ് ശിക്ഷ. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും നൽകേണ്ടതാണ്.
വിവാഹം പ്രായപൂർത്തിയാകാത്ത സ്ത്രീ അല്ലെങ്കിൽ പട്ടികജാതി അല്ലെങ്കിൽ പട്ടിക വര്‍ഗ സമുദായത്തിൽ നിന്നുള്ള വ്യക്തിയുമായി ബന്ധപ്പെട്ടതാണെങ്കിൽ ശിക്ഷ കുറഞ്ഞത് നാല് വർഷം മുതൽ പരമാവധി ഏഴ് വർഷം വരെ തടവും മൂന്ന് ലക്ഷം രൂപയുമാണ് പിഴ. വിവാഹത്തിലൂടെയുള്ള അത്തരം മതപരിവർത്തനങ്ങൾ ജാമ്യമില്ലാത്തതുമാകുന്നു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാവും കേസിന്‍റെ ചുമതല വഹിക്കുക .
മതപരിവർത്തനത്തിനായി സ്ത്രീകളെ വിവാഹത്തിലേക്ക് ആകർഷിക്കുന്ന പ്രവണത രാജ്യത്ത് വളർന്നുവരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ഭേദഗതി സംസ്ഥാനത്ത് കൊണ്ടുവരാൻ പ്രധാനകാരണമെന്ന് ബിജെപി പറഞ്ഞു.