കേരളം

kerala

ETV Bharat / bharat

വിധിയെഴുതി ഗുജറാത്ത് ; നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി, രണ്ടാം ഘട്ടം അഞ്ചിന് - ഇവിഎം

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി, 19 ജില്ലകളിലായി 89 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് ഏതാണ്ട് 60 ശതമാനം വോട്ടുകള്‍

Gujarat  Gujarat Assembly election  Assembly election  Gujarat Assembly election first phase Analysis  Voting turnout  Second Phase  വിരലില്‍ മഷി പുരട്ടി  വിധിയെഴുതി ഗുജറാത്ത്  ഗുജറാത്ത്  നിയമസഭ  വോട്ടെടുപ്പ്  ആദ്യഘട്ട  തെരഞ്ഞെടുപ്പ്  ഇവിഎം  പോളിങ്
വിരലില്‍ മഷി പുരട്ടി, മനസ് കൊണ്ട് വിധിയെഴുതി ഗുജറാത്ത്; നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി, രണ്ടാം ഘട്ടം അഞ്ചിന്

By

Published : Dec 1, 2022, 10:50 PM IST

അഹമ്മദാബാദ്(ഗുജറാത്ത്) :ദേശീയ രാഷ്‌ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയേക്കാവുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. സൗരാഷ്‌ട്ര, കച്ച്, ദക്ഷിണ മേഖലകളിലെ 19 ജില്ലകളിലായി 89 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ അവസാനിച്ചത്. അതേസമയം വ്യക്തമായ വോട്ടിങ് ശതമാനം ലഭ്യമല്ലെങ്കിലും ഏതാണ്ട് 60 ശതമാനം വോട്ടുകള്‍ ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

ചിലയിടങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ (ഇവിഎം) തകരാറുകള്‍ മാറ്റിനിര്‍ത്തിയാല്‍ കാലത്ത് എട്ട് മണിക്ക് ആരംഭിച്ച വോട്ടിങ് സമാധാനപരമായിരുന്നു. ഡിസംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫലം പുറത്തുവരിക.

1

അന്തിമമല്ല ശതമാനം : 89 സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെുപ്പില്‍ 59.24 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യാഗസ്ഥര്‍ അറിയിക്കുന്നത്. എന്നാല്‍ വോട്ടിങ് പൂര്‍ത്തിയാകുന്ന അഞ്ചുമണിക്ക് മുമ്പ് പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാരുടെ നീണ്ട നിര കൂടി പരിഗണിച്ചാല്‍ ശതമാനത്തില്‍ വര്‍ധനവുണ്ടാകും. കൂടാതെ ചില പോളിംഗ് സ്‌റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാത്തതിനാലും തപാൽ ബാലറ്റുകള്‍ ഉൾപ്പെടാത്തതിനാലും കണക്ക് താൽകാലികമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുന്നുണ്ട്. 788 സ്ഥാനാർഥികളുടെ വിധിയെഴുത്താണ് ആദ്യഘട്ടത്തിലുണ്ടായത്.

പണികൊടുത്ത് ഇവിഎം/വിവിപാറ്റ് : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടായത് ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിലെ (ഇവിഎം) തകരാറുകളും വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയലിന്‍റെ(വിവിപാറ്റ്) പ്രശ്നങ്ങളും മൂലമാണ്. ഇതേ തുടര്‍ന്ന് ചില സ്ഥലങ്ങളിൽ വോട്ടിങ് നിർത്തിവയ്ക്കുകയും തകരാറുള്ള യൂണിറ്റുകൾ മാറ്റി പുനരാരംഭിക്കുകയുമായിരുന്നു.

2

ഇത്തരത്തില്‍ 33 ബാലറ്റ് യൂണിറ്റുകൾ, 29 കൺട്രോൾ യൂണിറ്റുകൾ, 69 വിവിപാറ്റുകൾ എന്നിവ പ്രവർത്തനരഹിതമായി. എന്നാല്‍ ഇവ ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പുനഃസ്ഥാപിച്ചതായി ചീഫ് ഇലക്‌ടറൽ ഓഫിസര്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി.

കൂട്ടത്തില്‍ മുമ്പന്‍ :വ്യാര, നിസാര്‍ തുടങ്ങി ആദിവാസികള്‍ കൂടുതലുള്ള പ്രദേശങ്ങളുള്‍പ്പെട്ട താപി ജില്ലയിലാണ് (72.32 ശതമാനം) ഏറ്റവും കൂടുതൽ വോട്ടിങ് രേഖപ്പെടുത്തിയത്. 68.09 ശതമാനം പോളിങ് രേഖപ്പെടുത്തി നര്‍മദ രണ്ടാം സ്ഥാനത്തെത്തി. സൗരാഷ്‌ട്ര മേഖലയായ ഭാവ്‌നഗറിലാണ് (51.34 ശതമാനം) ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.

നര്‍മദയെക്കൂടാതെ നവ്‌സാരി (65.91ശതമാനം), ഡങ്ക് (64.84 ശതമാനം), വല്‍സാഡ് (62.46 ശതമാനം), ഗിര്‍ സോംനാഥ് (60.46 ശതമാനം) എന്നീ ജില്ലകളിലാണ് 60 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തിയത്.

3

പ്രതിഷേധം വലച്ച പോളിങ് :എന്നാല്‍ ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ കാരണം പോളിങ് തടസ്സപ്പെട്ടിരുന്നുവെന്നും അല്ലാത്തപക്ഷം ആദ്യഘട്ട തെരഞ്ഞെടുപ്പ് സമാധാനപൂര്‍ണമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സ്‌ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യേക പോളിങ് ബൂത്തുകളില്ലെന്നറിയിച്ച് ജാംനഗർ ജില്ലയിലെ ജാംജോധ്‌പുർ താലൂക്കിലെ ധ്രാഫ ഗ്രാമത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. മുന്‍കാലങ്ങളിലെല്ലാം ഇരുകൂട്ടര്‍ക്കും പ്രത്യേക ബൂത്തുകള്‍ നീക്കിവച്ചിരുന്നുവെന്നറിയിച്ചായിരുന്നു പ്രതിഷേധം.

ഇതുകൂടാതെ വിലക്കയറ്റത്തിനെതിരെ പ്രതിഷേധമറയിച്ച് ചുമലില്‍ ഗ്യാസ് സിലിണ്ടറുമായി പോളിങ് സറ്റേഷനിലെത്തിയ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജുനഗഡിലും സംഘര്‍ഷമുണ്ടായി.

'സ്‌റ്റാര്‍' പോള്‍: പ്രായാധിക്യം കണക്കിലെടുത്ത് തപാല്‍ ബാലറ്റ് തെരഞ്ഞെടുക്കുന്നതിന് പകരം പോളിങ് ബൂത്തിലേക്ക് നേരിട്ടെത്തി സമ്മതിദാന അവകാശം വിനിയോഗിച്ച 104 കാരനായ റാംജിഭായിയുടെ ചിത്രം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കുവച്ചത് ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ കൗതുകമുള്ള അധ്യായമായി.

4

മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാന ബിജെപി അധ്യക്ഷൻ സിആർ പാട്ടീൽ, രാജ്യസഭാംഗം പരിമൾ നത്വാനി, ജാംനഗർ (നോർത്ത്) ബിജെപി സ്ഥാനാർഥിയും ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ റിവാബ ജഡേജ, മുൻ പ്രതിപക്ഷ നേതാവ് പരേഷ് ധനാനി, ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ എന്നിവരാണ് ആദ്യഘട്ടത്തില്‍ നേരത്തെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തിയ സ്‌റ്റാര്‍ വോട്ടര്‍മാര്‍. റിവാബ ജഡേജ രാജ്‌കോട്ടിൽ വോട്ട് ചെയ്‌തപ്പോൾ, ഭർത്താവ് രവീന്ദ്ര ജഡേജ ജാംനഗറിലാണ് വോട്ട് രേഖപ്പെടുത്തിയത്.

വോട്ടിനൊപ്പം വിവാദവും : എന്നാല്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ് ചോദ്യം ചെയ്‌ത് എഎപി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ രംഗത്തെത്തി. കതര്‍ഗാം എസിയിലെ വോട്ടിങ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മന്ദഗതിയിലാക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ബിജെപി ഗുണ്ടകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഈ രീതിയിൽ പ്രവർത്തിക്കേണ്ടി വന്നാൽ, പിന്നെ നിങ്ങൾ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് ? എന്ന് അദ്ദേഹം ചോദ്യമെറിഞ്ഞു. പോളിങ്ങിന്‍റെ ആദ്യസമയത്ത് സംസ്ഥാനമൊട്ടാകെ ശരാശരി 3.5 ശതമാനം വോട്ടിംഗാണ് നടന്നതെങ്കില്‍ കതര്‍ഗാമില്‍ ഇത് 1.41ശതമാനം മാത്രമായിരുന്നു എന്നത് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details