ന്യൂഡല്‍ഹി: പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഭക്ഷ്യധാന്യങ്ങള്‍ക്കും, പാല്‍ ഉല്‍പന്നങ്ങള്‍ക്കും വില ഉയരും. മുന്‍കൂട്ടി പായ്‌ക്ക് ചെയ്‌തതും ലേബല്‍ ചെയ്‌തതുമായ മുന്‍കൂട്ടി പാക്ക് ചെയ്‌ത പാല്‍ ഉല്‍പന്നങ്ങള്‍ക്കും, ധാന്യങ്ങള്‍ക്കുമാണ് വിലയുയരുന്നത്. കൂടാതെ 5000 രൂപയ്ക്ക് മുകളിൽ വാടകയുള്ള ആശുപത്രി മുറികൾക്കും അഞ്ച് ശതമാനം അധിക ജി.എസ്.ടി നല്‍കേണ്ടിവരും.
ജിഎസ്‍ടി കൗൺസിൽ കഴിഞ്ഞ മാസം അവസാനം ചേർന്ന യോഗത്തിലെടുത്ത തീരുമാനമാണ് പ്രാബല്യത്തിലാകുന്നത്. ഇത് കൂടാതെ പരിഷ്‌കരിച്ച മറ്റ് നികുതി നിരക്കുകളും നിലവിൽ വരും. സാധനങ്ങൾക്കും സേവനങ്ങൾക്കും 5,12,18 ശതമാനത്തോളം നിരക്കുയർത്താനാണ് ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്.
അഞ്ച് ശതമാനം ജി.എസ്.ടി വര്‍ധനയുള്ള സാധനങ്ങളും സേവനങ്ങളും:അടുക്കളയിലെ നിത്യോപയോഗ സാധനങ്ങള്‍ക്കാണ് പ്രധാനമായും അഞ്ച് ശതമാനം നികുതി വര്‍ധിക്കുന്നത്. മുന്‍കൂട്ടി പാക്ക് ചെയ്‌ത പാല്‍, പനീര്‍, ചീസ്, ലെസ്സി, ബട്ടര്‍ മില്‍ക്ക്, പാക്കറ്റ് തൈര്, ഗോതമ്പ് പൊടി, തേന്‍, പപ്പടം, മാസം, മത്സ്യം എന്നിവയ്ക്കാണ് വില ഉയരുന്നത്. മുന്‍കൂട്ടി ലേബല്‍ ചെയ്‌തതും പായ്ക്ക് ചെയ്തതുമായ കാര്‍ഷിക ഉത്പന്നങ്ങൾക്കും അഞ്ച് ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയിട്ടുണ്ട്. 5000 രൂപയ്‌ക്ക് മുകളില്‍ വാടകയുള്ള ആശുപത്രി മുറികൾക്കും നികുതി വര്‍ധന ബാധകമാണ്.
12 ശതമാനം ജി.എസ്.ടി വര്‍ധനയുള്ള സാധനങ്ങളും സേവനങ്ങളും: ലതര്‍ ഉല്‍പ്പന്നങ്ങള്‍, ചെരുപ്പുകള്‍, സോളാർ വാട്ടർ ഹീറ്ററും സിസ്റ്റവും, അച്ചടിച്ച ഭൂപടങ്ങളും ഹൈഡ്രോഗ്രാഫിക് അല്ലെങ്കിൽ സമാനമായ ചാർട്ടുകള്‍, അറ്റ്ലസുകൾ, മാപ്പുകൾ, ടോപ്പോഗ്രാഫിക്കൽ പ്ലാനുകൾ, ഗ്ലോബ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പ്രാദേശിക അധികാരികൾക്കും പ്രധാനമായും മണ്ണുപണിയും അതിന്റെ ഉപകരാറുകളും ഉൾപ്പെടുന്ന പ്രവൃത്തികളുടെ കരാർ.
18 ശതമാനം ജി.എസ്.ടി വര്‍ധനയുള്ള സാധനങ്ങളും സേവനങ്ങളും:എൽഇഡി ലാമ്പുകൾ, ലൈറ്റുകളും ഫിക്‌ചറും, അവയുടെ മെറ്റൽ പ്രിന്റഡ് സർക്യൂട്ട് ബോർഡ്. കട്ടിംഗ് ബ്ലേഡുകളുള്ള കത്തികൾ, പേപ്പർ കത്തികൾ, പെൻസിൽ ഷാർപ്പനറുകളും അതിനുള്ള ബ്ലേഡുകളും, സ്‌പൂണുകൾ, ഫോർക്കുകൾ, ലാഡലുകൾ, സ്‌കിമ്മറുകൾ, കേക്ക്-സെർവറുകൾ, സെൻട്രിഫ്യൂഗൽ പമ്പുകൾ, ആഴത്തിലുള്ള കുഴൽ കിണർ ടർബൈൻ പമ്പുകൾ, സബ്‌മേഴ്‌സിബിൾ പമ്പുകൾ, പവര്‍ പമ്പ്, സൈക്കിള്‍ പമ്പ്, മില്ലിംഗ് യന്ത്രങ്ങള്‍ എന്നിവയ്ക്കും വില ഉയരും.
റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, മാലിന്യ സംസ്‌കരണ പ്ലാന്‍റ്, ശ്‌മശാനം എന്നിവയുടെ നിര്‍മ്മാണ കരാർ, ചരിത്രസ്‌മാരകങ്ങൾ, കനാലുകൾ, അണക്കെട്ടുകൾ, പൈപ്പ് ലൈനുകൾ, ജലവിതരണത്തിനുള്ള പ്ലാന്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയ്ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകിയിട്ടുള്ള കരാർ, ചെക്ക് ബുക്ക്, പാൽ കറക്കുന്ന യന്ത്രം, പാലുൽപ്പന്ന യന്ത്രങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനോ തരംതിരിക്കുന്നതിനോ തരപ്പെടുത്തുന്നതിനോ ഉള്ള യന്ത്രങ്ങൾ എന്നിവയ്ക്കും വില ഉയരും.