രായഗഡ (ഒഡീഷ): മദ്യലഹരിയിലായ വരൻ വിവാഹ തീയതി മറന്ന് ഒരു ദിവസത്തിന് ശേഷം വിവാഹ മണ്ഡപത്തിലെത്തിയതും വധു വിവാഹം വേണ്ടെന്ന് വച്ചതുമായ രസകരമായ സംഭവം കഴിഞ്ഞ ദിവസമാണ് ബിഹാറിലുണ്ടായത്. ഇതിനിടെ രാജസ്ഥാനിൽ സഹോദരി പുത്രിയുടെ വിവാഹത്തിന് അമ്മാവന്മാര്‍ ചേർന്ന് 3.21 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കിയും വലിയ വാർത്തയായിരുന്നു.
ഇപ്പോൾ യാത്രാ സൗകര്യമില്ലാത്തതിനാൽ 28 കിലോമീറ്റർ നടന്ന് വധുവിന്‍റെ ഗ്രാമത്തിൽ വിവാഹത്തിനെത്തിയ വരന്‍റെയും കുടുംബാംഗങ്ങളുടേയും കഥയാണ് വൈറൽ വിവാഹ വാർത്തകളിൽ പുതിയത്. ഒഡീഷയിലെ രായഗഡ ജില്ലയിലാണ് സംഭവം. സംസ്ഥാനത്ത് ഡ്രൈവർമാരുടെ സമരം നടക്കുന്നതിനാൽ വാഹനങ്ങൾ ലഭിക്കാത്തതിനെത്തുടർന്നാണ് വരനും കൂട്ടരും കാൽനടയായി വധുവിന്‍റെ ഗ്രാമത്തിലെത്തിയത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു കല്യാണ്സിങ്പൂർ സ്വദേശിയായ രമേഷ് പ്രസ്‌കയുടെയും രായഗഡ സ്വദേശിനിയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് വധുവിന്‍റെ ഗ്രാമത്തിലേക്ക് പോകുന്നതിനായി നാല് വാഹനങ്ങളും രമേഷ് ബുക്ക് ചെയ്‌തിരുന്നു. എന്നാൽ പൊടുന്നനെ പ്രഖ്യാപിച്ച വാഹന സമരം ഇവരുടെ പദ്ധതികളെല്ലാം തകർക്കുകയായിരുന്നു.
എന്നാൽ വിവാഹ തീയതി മാറ്റാൻ കഴിയാത്തതിനാൽ ഏതുവിധേനയും വധുവിന്‍റെ ഗ്രാമത്തിൽ എത്തണമെന്ന അവസ്ഥയെത്തി. ഇതോടെയാണ് കാൽനടയായി പോകാം എന്ന തീരുമാനത്തിലേക്ക് ഇവർ എത്തിച്ചേർന്നത്. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം വരനുമായി യാത്ര ആരംഭിച്ചു. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ ഉൾപ്പെടെയുള്ള യാത്രയ്‌ക്കൊടുവിൽ വെള്ളിയാഴ്‌ച പുലർച്ചയോടെ ഇവർ വധുവിന്‍റെ ഗ്രാമത്തിൽ എത്തിച്ചേരുകയായിരുന്നു.
'28 കിലോമീറ്റർ നടന്നാണ് ഞങ്ങൾ ഇവിടെ എത്തിയത്. വിവാഹ ഘോഷയാത്രയ്ക്കായി നാല് വാഹനങ്ങൾ ബുക്ക് ചെയ്‌തിട്ടുണ്ടായിരുന്നു. എന്നാൽ പൊടുന്നനെയുള്ള സമരം എല്ലാം തകിടം മറിച്ചു. തുടർന്ന് കാൽനടയായി പോകാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് ആറ് മണി മുതൽ നടത്തം തുടങ്ങി. വെള്ളിയാഴ്‌ച വെളുപ്പിന് മൂന്ന് മണിയോടെ ഞങ്ങൾ ഇവിടെ എത്തി', വരൻ രമേഷ് പ്രസ്‌ക പറഞ്ഞു.