ബെംഗളൂരു:'മുന്തിരിപ്പൂവിൻ വർണ്ണജാലം മാമലങ്കാട്ടിലെ മായാലോകം...' എന്ന് തുടങ്ങുന്ന സിനിമ ഗാനം പോലെ കാഴ്‌ച്ചകരുടെ മനം കവരുകയാണ് കര്‍ണാടകയിലെ ഒരു മുന്തിരിത്തോപ്പ്. 70 ഏക്കര്‍ സ്ഥലത്ത് നീണ്ടു കിടക്കുന്ന മുന്തിരി തോട്ടം യുവ കര്‍ഷകര്‍ക്കും ഏറെ മാതൃകയാണ്. ബെലഗാവിയിലെ ജട്ടയിലെ ബസരാഗിയിലാണ് കൗതുകമായ ഈ പറുദീസയുള്ളത്.
സാധാരണത്തേത് പോലെയുള്ള മുന്തിരിയല്ല ഇവിടെ വിളയിച്ചെടിക്കുന്നത് എന്നതാണ് പ്രത്യേകത. സാധാരണ മുന്തിരിയേക്കാള്‍ വലിപ്പവും രൂചിയുമുള്ള മുന്തിരിയാണ് തോട്ടത്തില്‍ വിളയുന്നത്. സ്വന്തമായി ഗവേഷണം നടത്തി പുതിയ തരം മുന്തിരി വള്ളികള്‍ വികസിപ്പിച്ചെടുത്താണ് ഇവ കൃഷിയിറക്കിയിട്ടുള്ളത്. ഈ ഗവേഷണങ്ങള്‍ക്കും കൃഷിക്കും ചുക്കാന്‍ പിടിച്ചതാകട്ടെ ഗ്രാമത്തിലെ തന്നെ പ്രധാന കര്‍ഷകരില്‍ ഒരാളായ സച്ചിൻ ശിവപ്പ ദൊഡ്ഡമലയാണ്.
തന്‍റെ കൃഷി എങ്ങനെ ലാഭകരമാക്കാമെന്നും ചിന്തയാണ് ഇത്തരമൊരു ഗവേഷങ്ങളിലേക്ക് സച്ചിനെ കൊണ്ടെത്തിച്ചത്. 70 ഏക്കര്‍ സ്ഥലത്ത് വിളഞ്ഞ് നില്‍ക്കുന്ന മുന്തിരി വള്ളികളില്‍ മൂന്ന് ഇഞ്ച് വലിപ്പത്തിലുള്ള മുന്തിരികളാണ് കായ്‌ച്ച് നില്‍ക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ വെറും 2 ഏക്കറിലായിരുന്നു കൃഷിയിറക്കിയിരുന്നത്. തുടര്‍ന്ന് ലാഭകരമാണെന്ന് മനസിലായതോടെ 10 ഏക്കറിലും തുടര്‍ന്ന് 70 ഏക്കറിലേക്കും വ്യാപിപ്പിക്കുകയായിരുന്നുവെന്നും സച്ചിന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 4 ഇഞ്ച് നീളത്തിലായിരുന്നു മുന്തിരി കായ്‌ച്ചത്. എന്നാല്‍ ഇത്തവണ കാലാവസ്ഥയിലുണ്ടായ വ്യതിയാനം വിളവിനെ ബാധിച്ചുവെന്നും അതാണ് മൂന്ന് ഇഞ്ച് നീളമായി കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു (Three Inches Grapes).
വിളവിന് നല്ല വിലയാണ് ലഭിക്കുന്നത്. മാത്രമല്ല ഈ ഇനത്തിന് രോഗബാധ കുറവുമാണ്. അതാണ് കൃഷി വന്‍ ലാഭകരമാകാന്‍ കാരണമെന്നും സച്ചിന്‍ പറഞ്ഞു (Grapes Farming Karnataka).
വളരെ വ്യത്യസ്‌തവും സാധാരാണയുള്ളതിനേക്കാള്‍ വലിപ്പ കൂടുതലും ഉള്ളത് കൊണ്ട് മാര്‍ക്കറ്റില്‍ ഇവയ്‌ക്ക് ആവശ്യക്കാരേറെയാണ്. സംസ്ഥാനത്ത് മാത്രമല്ല ദുബായ്, അമേരിക്ക ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇതിന് കൂടുതല്‍ ഡിമാന്‍ഡുണ്ട്. ബോംബെ വഴിയാണ് മുന്തിരി ദുബായ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇതിനായി ഇടനിലക്കാര്‍ തങ്ങളെ സമീപിക്കുകയാണ് ചെയ്യാറെന്നും സച്ചിന്‍ പറഞ്ഞു.
വ്യത്യസ്‌തമായ മുന്തിരി കൃഷിയിലൂടെ ലക്ഷക്കണക്കിന് രൂപയാണ് സച്ചിന് ഒരു മാസം വരുമാനം ലഭിക്കുന്നത്. ഒരേക്കര്‍ സ്ഥലത്ത് നിന്നും 20 ടണ്‍ മുന്തിരയാണ് ലഭിക്കുന്നത്. കിലോയ്‌ക്ക് 60 രൂപ മുതല്‍ 80 രൂപ വരെയാണ് സംസ്ഥാനത്ത് മുന്തിരിക്കുള്ള വില. എന്നാല്‍ ഇത് വിദേശ രാജ്യങ്ങളിലേക്ക് കടന്നാല്‍ ഇരട്ടിയായാണ് ഇതിന് വില ലഭിക്കുക.
കൃഷി കൂടുതല്‍ ലാഭകരമാകണമെന്ന് ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന വിളയാണ് ഇതെന്നും നിരവധി പേര്‍ ഇത്തരം കൃഷി രീതികള്‍ അവലംഭിക്കുന്നുണ്ടെന്നും സച്ചിന്‍ പറഞ്ഞു. മുന്തിരി വള്ളികള്‍ക്ക് ആവശ്യക്കാരുണ്ടെങ്കില്‍ തങ്ങളെ സമീപിക്കാമെന്നും കൃഷി രീതികളെ കുറിച്ച് പറഞ്ഞു കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. മുന്തിരി വള്ളികള്‍ ആവശ്യമുള്ളവര്‍ക്ക് 9307646705 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
Also Read:മണ്ണ് പൊന്നാക്കി മുന്‍ പ്രവാസി, 9 ഏക്കറില്‍ നെല്ലും പച്ചക്കറികളും സമൃദ്ധം; ഇത് നജീബിന്‍റെ കൃഷിയിടം