ലോക ജനസംഖ്യയുടെ 17.7 ശതമാനത്തിന്‍റെ ഭാവി കൈകാര്യം ചെയ്യുന്ന നിയമ നിര്‍മാണ സഭയാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ്. 1927-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണി തീര്‍ത്ത പാര്‍ലമെന്‍റ് മന്ദിരം കഴിഞ്ഞ ഒൻപത് ദശാബ്ദങ്ങളിലായി ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ജനാധിപത്യത്തിന്‍റെ പൈതൃക രൂപമായി അത് അങ്ങനെ തലയുയര്‍ത്തി നിലകൊള്ളുകയാണ്. ആ മന്ദിരത്തിന്‍റെ വിശുദ്ധത കാത്തു സൂക്ഷിച്ചു കൊണ്ടു തന്നെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുതിയ പാര്‍ലമെന്‍റ് മന്ദിരം നിർമിക്കുവാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചു. പൗരാണിക പാരമ്പര്യങ്ങളുടേയും ആധുനിക അഭിലാഷങ്ങളുടേയും സമന്വയമായാണ് പുതിയ മന്ദിരം ആസൂത്രണം ചെയ്തിരിക്കുന്നത്. പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു കൊണ്ട് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളുടേയും അധ്യക്ഷമാര്‍ പറഞ്ഞത് 1975-ലും 2002-ലും 2017-ലും നിലവിലുള്ള മന്ദിരത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ എല്ലാം നടത്തി എങ്കിലും ചില പോരായ്മകളൊക്കെ അതിശക്തമാം വിധം തന്നെ നിലനില്‍ക്കുന്നു എന്നും നിലവിലുള്ള സാങ്കേതികവിദ്യ സഭാ സമ്മേളനങ്ങള്‍ നടത്തി കൊണ്ടു പോകുവാന്‍ പര്യാപ്തമല്ല എന്നുമായിരുന്നു.
കൊവിഡ്-19 കാലഘട്ടത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമായ ഒരു കാര്യമായതിനാല്‍ പാര്‍ലിമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളനം നടത്തുവാന്‍ ഉണ്ടായ പ്രയാസങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ കണ്ടതാണ്. സമ്മേളനം നടത്തുവാന്‍ ആവശ്യമായ സ്ഥലത്തിന്‍റെ അപര്യാപ്തത രാജ്യത്തിന് മുന്നില്‍ തെളിഞ്ഞു നിന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയുന്നതിന് ശിലാ സ്ഥാപന കര്‍മ്മം 2020 ഡിസംബര്‍ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ സെന്‍ട്രല്‍ വിസ്ത ആധുനിക വല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയുന്നത്. പ്രശ്‌നം സംബന്ധിച്ച് തങ്ങളുടെ അവസാന വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്ന് സുപ്രീം കോടതി തുടക്കത്തില്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതിക്കെതിരെ ഉണ്ടായിരുന്ന എതിർപ്പുകളെ തള്ളി കൊണ്ട് സുപ്രീം കോടതി ബെഞ്ച് പദ്ധതിക്കനുകൂലമായി ഭൂരിപക്ഷ വിധി പ്രഖ്യാപിക്കുകയായിരുന്നു.
അടുത്ത 100 വര്‍ഷത്തേക്കുള്ള ആവശ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് രൂപ കല്‍പ്പന ചെയ്‌ത മഹാ കെട്ടിട സമുച്ചയത്തിന്‍റെ സഫലീകരണം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സംഭവിക്കും എന്നത് രാജ്യത്തെ ജനങ്ങളുടെ അഭിമാന കാര്യമായി മാറിയിരിക്കുകയാണ്. വിവിധ മതങ്ങള്‍ ത്രികോണത്തിനു നല്‍കിയിരിക്കുന്ന വിശുദ്ധി പരിഗണിച്ചു കൊണ്ടാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം ത്രികോണാകൃതിയില്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ലോക്‌സഭ, രാജ്യസഭ, ഭരണഘടന ഹാള്‍ എന്നിവ ദേശീയ ചിഹ്നങ്ങളെ പ്രതിഫലിപ്പിക്കും. ശ്രേഷ്ഠഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവട് വെയ്പ്പാണ് ഇത്.