ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാടക വാഹന സേവന ദാതാക്കളായ യൂബറിനോടും ഒലയോടും സേവനങ്ങളെ സംബന്ധിച്ച കമ്പനിയുടെ പ്രവര്‍ത്തന രീതികളും നയങ്ങളും അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്താക്കളുടെ വിവര സംരക്ഷണം, യാത്ര നിരക്ക്, ഡ്രൈവറുടെയും ഉപഭോക്താവിന്‍റേയും സേവനം റദ്ദാക്കല്‍ നിരക്ക് (ക്യാന്‍സലേഷന്‍ ചാര്‍ജ്) തുടങ്ങി നിരവധി വിഷയങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ച. സെന്‍ററല്‍ കണ്‍സ്യൂമര്‍ അഫയേഴ്‌സ് സെക്രട്ടറിയുമായി ചൊവ്വാഴ്ചയാണ് യോഗം.
യൂബറിനും ഒലക്കുമെതിരെ നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്. ബുക്കിങ് സ്വീകരിച്ചതിന് ശേഷം ട്രിപ്പുകൾ റദ്ദാക്കാൻ ഡ്രൈവർമാർ ഉപഭോക്താക്കളെ നിർബന്ധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. ഇത് അന്യായമെന്നാണ് വകുപ്പിന്‍റെ നിലപാട്.
ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ഉപഭോക്താവ് പണം നല്‍കേണ്ടി വരുന്ന് അംഗീകരിക്കാനാകില്ലെന്നും വകുപ്പ് വ്യക്തമാക്കി. റൈഡ് ക്യാൻസലേഷൻ നയം ഉൾപ്പടെയുള്ള വിഷയങ്ങളില്‍ കമ്പനി മന്ത്രാലയവുമായി ചര്‍ച്ച നടത്തും. ഉപഭോക്താക്കളില്‍ നിന്നും എന്തെല്ലാം ചാര്‍ജുകളാണ് ഈടാക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങളും കമ്പനി വ്യക്തമാക്കണം.