ന്യൂഡൽഹി: രാജ്യത്തെ വ്യോമയാന മേഖല മെച്ചപ്പെടുത്താൻ 100 ദിന പദ്ധതിയുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളുടെ നിലവാരം ഉയർത്തുമെന്നും പുതുതായി 50 ആഭ്യന്തര വിമാന റൂട്ടുകൾ കൊണ്ടുവരുമെന്നും സിന്ധ്യ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കൂടുതല്‍ യാത്രക്കാർ, കൂടുതല്‍ സൗകര്യങ്ങൾ
കുശിനഗർ, ഡെറാഡൂൺ, അഗർത്തല, ജേവാർ എന്നീ നാല് പുതിയ വിമാനത്താവളങ്ങളാണ് സർക്കാർ വികസിപ്പിക്കുന്നത്. കുശിനഗർ വിമാനത്തവളത്തിൽ എയർബസ് 321, ബോയിംഗ് 737 തുടങ്ങിയ വിമാനങ്ങൾ വിജയകരമായി ലാൻഡിംഗ് ചെയ്യാനുള്ള ശേഷി നേടിയിട്ടുണ്ട്. 255 കോടി രൂപ ചെലവിൽ നിർമിച്ച കുശിനഗർ വിമാനത്താവളം പൂർണമായി പ്രവർത്തനക്ഷമം ആകുന്നതോടെ ബുദ്ധ സർക്യൂട്ടിലേക്കെത്തുന്നവരുടെ കേന്ദ്രമായി മാറുമെന്നും സിന്ധ്യ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഡെറാഡൂൺ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ കെട്ടിടമാണ് മറ്റൊരു വികസന പദ്ധതി. 457 കോടി രൂപ മുടക്കി നിർമിക്കുന്ന കെട്ടിടം വരുന്നതോടെ 1800 പേരെ ഒരോ മണിക്കൂറിലും വിമാനത്താവളത്തിന് ഉൾക്കൊള്ളാൻ കഴിയും. നിലവിൽ വിമാനത്താവളത്തിന് മണിക്കൂറിൽ 250 യാത്രക്കാരെ കൈകാര്യം ചെയ്യാൻ മാത്രമെ കഴിയുന്നുള്ളു.
490 കോടി രൂപ നിക്ഷേപിച്ച് നിർമിക്കുന്ന അഗർത്തല വിമാനത്താവള ടെർമിനലിന്‍റെ ഇപ്പോഴത്തെ ശേഷി മണിക്കൂറിൽ 500 യാത്രക്കാരാണ്. എന്നാൽ പുതിയ ടെർമിനൽ വന്നാൽ മണിക്കൂറിൽ 1,200 യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് കഴിയും.