ന്യൂഡൽഹി:ഇന്ത്യയൊട്ടാകെയുള്ള സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ 50 ലക്ഷം കൊവിഷീൽഡ് വാക്സിൻ യുകെയിലേക്ക് കയറ്റുമതി ചെയ്യാനുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളി. ഈ ഡോസുകൾ ഇന്ത്യയ്ക്കുള്ളിൽ ഉപയോഗത്തിനായി ലഭ്യമാക്കുമെന്നും അതിനായി സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണമെന്നും കേന്ദ്രം സംസ്ഥാന സർക്കാരുകളെ അറിയിച്ചു.
വാക്സിനേഷൻ ഡ്രൈവിന്‍റെ മൂന്നാം ഘട്ടത്തിലേക്കായി ഈ കൊവിഷീൽഡ് വാക്സിനുകൾ ഉപയോഗിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് വിതരണക്കാരിൽ നിന്ന് വാക്സിനുകൾ നേരിട്ട് വാങ്ങാൻ കഴിയുമെന്നും വാക്സിൻ നിർമാണം വർധിപ്പിക്കാൻ സർക്കാർ വാക്സിൻ നിർമാതാക്കളുമായി നിരന്തരം ചർച്ച നടത്തുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗ്രവാൾ പറഞ്ഞു.
അതേസമയം, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചൊവ്വാഴ്ച വൈകീട്ട് ആരോഗ്യ സെക്രട്ടറിമാരുമായും സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർമാരുമായും കൊവിഡ് വാക്സിനേഷന്റെ സ്ഥിതി അവലോകനം ചെയ്യുകയും, തുടർന്ന് ആദ്യ ഡോസ് എടുത്ത എല്ലാവരും രണ്ടാമത്തെ ഡോസുകൾക്ക് മുൻഗണന നൽകുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്ന വാക്സിന്‍റെ 70 ശതമാനത്തോളം രണ്ടാമത്തെ ഡോസിനായി നീക്കി വയ്ക്കണമെന്നും ഭൂഷൺ പറഞ്ഞു.