ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന്‍റ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി. ആദ്യ ഡോസ് എടുത്ത് 12 മുതല്‍ 16 വരെ ആഴ്ചകള്‍ക്ക് ശേഷം രണ്ടാം ഡോസ് എടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ സമിതിയുടെ നിര്‍ദേശം. അതേ സമയം ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍റെ ഇടവേള നാല് മുതല്‍ ആറാഴ്ച വരെ തുടരും. മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്‍റെ ഇടവേളയില്‍ മാറ്റം വരുത്തുന്നത്. മാര്‍ച്ചില്‍ സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും വാക്സിന്‍റെ ഇടവേള 28 ദിവസം അല്ലെങ്കില്‍ 6 മുതല്‍ 8 ആഴ്ച വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. കൊവിഡ് മുക്തരായവര്‍ക്ക് ആറുമാസത്തിന് ശേഷം വാക്സിന്‍ നല്‍കിയാല്‍ മതിയെന്നും വിദഗ്ധര്‍ പറയുന്നു. വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ആഭ്യന്തര ധനകാര്യ വിഭാഗം, ബയോടെക്നോളജി വകുപ്പ്, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ), ആരോഗ്യ വിദഗ്ധർ എന്നിവരടങ്ങുന്നതാണ് വിദഗ്ദ സമിതി(എന്‍ടിഎജിഐ).