ബെംഗളൂരു: കർണാടകയിലേക്ക് വരുന്ന അന്തർ സംസ്ഥാന യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കർശനമാക്കിയതായി സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായി അറിയിച്ചു. ഇതിന്‍റെ ഭാഗമായി എല്ലാ പ്രധാന റോഡുകളിലും ചെറിയ റോഡുകളിലും ഉൾപ്പെടെ ബാരിക്കേഡ് കെട്ടി. കൂടാതെ അതിർത്തി ജില്ലകളായ ബെലഗാവി, ബിദാർ, കലാബുരഗി, അനേകൽ, മംഗളൂരു എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ ഈ ജില്ലകളിൽ ലോക്ക്ഡൗൺ കർശനമായി ഏർപ്പെടുത്താൻ പൊലീസ് ഉൾപ്പെടെയുള്ള ജില്ലാ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജനങ്ങൾ ലോക്ക്‌ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ലോക്ക്ഡൗൺ നിബന്ധനകളിൽ മനഃപൂർവം വീഴ്‌ച വരുത്തുന്നവർക്കെതിരെ കേസെടുക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു.