ന്യൂഡൽഹി: 65 വയസും അതിനുമുകളിലും പ്രായമുള്ള രോഗികൾക്കും മരിച്ച ദാതാവിൽ നിന്ന് അവയവങ്ങൾ സ്വീകരിക്കുന്നതിന് രജിസ്റ്റർ ചെയ്യാമെന്ന് പുതിയ നിയമം. നിലവിലുണ്ടായിരുന്ന നിയന്ത്രണത്തിൽ ആരോഗ്യ മന്ത്രാലയം ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിനാലാണ് ഇത് സാധ്യമാവുക. ആവശ്യമുള്ള രോഗികൾക്ക് അവയവങ്ങൾ സ്വീകരിക്കുന്നതിന് ഏത് സംസ്ഥാനത്തും സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയുന്ന തരത്തിൽ നിലവിലെ മാനദണ്ഡം ഭേദഗതി ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ട്.
65 വയസും അതിൽ കൂടുതലുമുള്ള രോഗികൾക്ക് മരണമടഞ്ഞ ദാതാവിൽ നിന്ന് അവയവങ്ങൾ സ്വീകരിക്കുന്നതിന് സ്വയം രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്‍റ് ഓർഗനൈസേഷൻ (എൻഒടിടിഒ) മാർഗനിർദേശങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. ഇത്തരം രജിസ്ട്രേഷൻ നടത്തുന്ന രോഗികളിൽ നിന്ന് ഫീസ് ഈടാക്കരുതെന്നും, ഫീസ് ഈടാക്കുന്ന പക്ഷം അത് 2014ലെ മനുഷ്യാവയവ- ടിഷ്യൂ മാറ്റിവയ്ക്കൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. 5,000 മുതൽ 10,000 രൂപ വരെയാണ് കേരളം, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഈടാക്കുന്നത് എന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം.
മരിച്ച ദാതാക്കളുടെ അവയവങ്ങൾ ആവശ്യമുള്ള രോഗികൾക്ക് രജിസ്റ്റർ ചെയ്യുന്നതിന്, നേരത്തെ ഉയർന്ന പ്രായപരിധി 65 വയസ്സായിരുന്നു. കൂടാതെ, ചില സംസ്ഥാനങ്ങളിൽ ആ സംസ്ഥാനത്തെ താമസക്കാരായ രോഗികൾക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളു. ചില സംസ്ഥാനങ്ങളിൽ ആ സംസ്ഥാനത്തെ താമസക്കാർക്കാണ് മുൻഗണന നൽകിയിരുന്നത്.
നിലവിലെ ചട്ടങ്ങൾ പരിഷ്‌കരിക്കുന്നതോടെ ഇത്തരം നിയന്ത്രണങ്ങൾ മാറും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശങ്ങൾ നിലവിൽ വന്നാൽ രോഗികൾക്ക് അവയവങ്ങൾ സ്വീകരിക്കുന്നതിന് ഏത് സംസ്ഥാനത്തും സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും കണക്കുകൾ പ്രകാരം, അവയവമാറ്റ ശസ്‌ത്രക്രിയകളുടെ എണ്ണം 2013-ൽ 4,990 ആയിരുന്നത് 2022-ൽ 15,561 ആയി ഉയർന്നിട്ടുണ്ട്.
ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള വൃക്ക മാറ്റിവയ്ക്കൽ 2013-ൽ 3,495 ആയിരുന്നത് 2022-ൽ 9,834 ആയും മരണപ്പെട്ട ദാതാക്കളിൽ നിന്നുള്ള വൃക്ക മാറ്റിവയ്ക്കൽ 542-ൽ നിന്നും 2022-ൽ 1,589 ആയി വർധിച്ചു. ജീവിച്ചിരിക്കുന്ന ദാതാക്കളിൽ നിന്നുള്ള കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയകളുടെ എണ്ണം 2013-ൽ 658-ൽ നിന്ന് 2022ലെത്തിയതോടെ 2,957 ആയും മരിച്ച ദാതാവിൽ നിന്നുള്ളത് 2022-ൽ 240-ൽ നിന്ന് 761 ആയും വർദ്ധിച്ചു. 2013-ൽ 30 ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ എണ്ണം 2022-ൽ 250 ആയി ഉയർന്നപ്പോൾ ശ്വാസകോശം മാറ്റിവെക്കൽ 23-ൽ നിന്ന് 138 ആയി.