ന്യൂഡൽഹി:ത്രിപുരയിലും നാഗാലാൻഡിലും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഞായറാഴ്‌ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. മന്ത്രിസഭ ഘടനയും സർക്കാർ രൂപീകരണവും ചർച്ച ചെയ്‌ത യോഗത്തിൽ നാഗാലാൻഡ് മുഖ്യമന്ത്രി നെഫിയു റിയോയും പങ്കെടുത്തതായി വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു. അമിത് ഷായുടെ വസതിയിൽ ചേർന്ന യോഗത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയും മറ്റ് മുതിർന്ന ബിജെപി നേതാക്കളും പങ്കെടുത്തു.
'ത്രിപുരയിലെ സർക്കാർ രൂപീകരണത്തെ ചുറ്റിപ്പറ്റിയാണ് യോഗം ചേർന്നത്. മുൻ മുഖ്യമന്ത്രി ഡോ. മണിക് സാഹ തലപ്പത്ത് തുടരണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം മുൻ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിന്‍റെ പേരും ഉയർന്നുവരുന്നുണ്ട്', വൃത്തങ്ങൾ അറിയിച്ചു. ത്രിപുരയിൽ മാർച്ച് എട്ടിനാണ് സത്യപ്രതിജ്ഞ. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ പങ്കെടുക്കുമെന്ന് ത്രിപുര ബിജെപി അധ്യക്ഷൻ റജീബ് ഭട്ടാചാരി ശനിയാഴ്‌ച പറഞ്ഞിരുന്നു.
'ഞങ്ങളുടെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് മാർച്ച് എട്ടിന് നടക്കും. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടിയുടെ ദേശീയ അധ്യക്ഷൻ ജെപി നദ്ദയും അവിടെ സന്നിഹിതരാകും. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ത്രിപുരയിൽ ഒരുമിച്ച് ഹോളി ആഘോഷിക്കും', ഭട്ടാചാര്യ പറഞ്ഞു. അതേസമയം മേഘാലയയിലും നാഗാലാൻഡിലും മാർച്ച് ഏഴിനാണ് സത്യപ്രതിജ്ഞ നടക്കുക.
മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുകയും നാഗാലാൻഡിൽ സഖ്യ പങ്കാളിയായ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യുമായി ചേർന്ന് അധികാരം നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്. മേഘാലയയിൽ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുമായി സഖ്യമുണ്ടാക്കി ഭരണപക്ഷത്തെത്താനും ബിജെപിക്കായി.