ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ രജിസ്റ്റര്‍ ചെയ്യുന്ന കോവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കോവിൻ പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടെന്ന ചില മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കേന്ദ്രം വിശദീകരണം നൽകിയത്. വാക്സിനേഷൻ സംബന്ധിച്ച എല്ലാ ഡാറ്റയും സുരക്ഷിതമാണെന്നും കേന്ദ്രം അറിയിച്ചു.
എന്നിരുന്നാലും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കോവിൻ എല്ലാ വാക്സിനേഷൻ ഡാറ്റയും സുരക്ഷിതവും വിശ്വസ്തവുമായ ഡിജിറ്റൽ പരിസരത്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് എംപവർഡ് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ (കോവിൻ) ചെയർമാൻ ഡോ. ആർ.എസ്. ശർമ്മ വ്യക്തമാക്കി.