ന്യൂഡല്‍ഹി:പിഎം കെയേഴ്സ് ഫണ്ടിന് കീഴിൽ കേന്ദ്രം വിതരണം ചെയ്ത വെന്‍റിലേറ്ററുകള്‍ തകരാറിലാണെന്ന റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ. ഫരീദ്‌കോട്ട് ഗുരു ഗോബിന്ദ് സിങ് മെഡിക്കൽ കോളജ് ആശുപത്രിയില്‍ വെന്‍റിലേറ്ററുകള്‍ ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്ത്‌വന്നിരുന്നു. ഇതോടെയാണ് വെന്‍റിലേറ്ററുകള്‍ തകരാറിലാണെന്ന വാദവുമായി പഞ്ചാബ് സർക്കാർ രംഗത്ത് എത്തിയത്.
88 വെന്‍റിലേറ്ററുകള്‍ വിതരണം ചെയ്തത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് (ബെൽ). ആശുപത്രിയിലേക്ക് വിതരണം ചെയ്ത വെന്‍റിലേറ്ററുകള്‍ക്ക് തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര ഓക്സിജൻ ഗ്യാസ് പൈപ്പ്ലൈനുകളിൽ ആവശ്യമായ സമ്മർദ്ദം ലഭിക്കാത്തത് പോലെ ജിജിഎസ്എംസിഎച്ചിലെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രശ്നങ്ങളുണ്ടെന്ന് അവരുടെ എഞ്ചിനീയർമാർ വ്യക്തമാക്കിയിട്ടുണ്ട്. സിവി 200 വെന്‍റിലേറ്ററുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് ശരിയായ ഗ്യാസ് മർദ്ദവും വസ്തുക്കളുടെ ശരിയായ ഉപയോഗവും ആവശ്യമാണ്.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ബെൽ എഞ്ചിനീയർമാർ നിരവധി തവണ ആശുപത്രി സന്ദർശിച്ചിട്ടുണ്ടെന്നും ചെറിയ അറ്റകുറ്റപ്പണികൾ ഉടനടി നടത്തിയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. വെന്‍റിലേറ്ററുകളുടെ പ്രവർത്തനത്തെക്കുറിച്ച് എഞ്ചിനീയർമാർ ആശുപത്രിയിലെ ജീവനക്കാർക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയില്‍ വെന്‍റിലേറ്ററുകളുടെ ആവശ്യകത നിറവേറ്റുന്നതിന് സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സാങ്കേതിക പിന്തുണയും ബെൽ തുടർന്നും നൽകുമെന്നും സർക്കാർ അറിയിച്ചു. ആശുപത്രിയിൽ യന്ത്രങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതിന്‍റെ ചിത്രം ആം ആദ്മി പാർട്ടി എംഎൽഎ കുൽത്താർ സിംഗ് സന്ധ്വാൻ ചൊവ്വാഴ്ച
ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. 82 വെന്‍റിലേറ്ററുകള്‍ ആശുപത്രിയിൽ ഉണ്ടെന്നും ഇതിൽ 62 എണ്ണം തുടക്കം മുതൽ പ്രവർത്തന നിലയിലല്ലെന്നും ബാബ ഫരീദ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ രാജ് ബഹാദൂർ പറഞ്ഞു. അതേസമയം, കേന്ദ്രത്തിൽ നിന്ന് ലഭിച്ച 809 വെന്‍റിലേറ്ററുകളിൽ 130 എണ്ണം പ്രവർത്തനക്ഷമമല്ലെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചിട്ടുണ്ട്.