ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് താത്‌കാലികമായി നിര്‍ത്തിവച്ചതിന് പിന്നാലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഗോ ഫസ്റ്റ് വിമാന കമ്പനിയോട് നിരക്കില്‍ മിതത്വം പാലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. വര്‍ധിപ്പിച്ച ഗോ ഫസ്റ്റിന്‍റെ ടിക്കറ്റ് നിരക്ക് മറ്റ് വിമാനങ്ങളുടെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമാണ് കാണാനാകുന്നതെന്നും കേന്ദ്രം അറിയിച്ചു.
ടിക്കറ്റ് നിരക്കുകള്‍ തമ്മില്‍ അത്തരത്തിലുള്ള അന്തരം ഉണ്ടാകരുതെന്നും അത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്‌ടിക്കുന്നുണ്ടെന്നും വിമാന കമ്പനിയോട് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്ത്യയില്‍ സിവില്‍ ഏവിയേഷന്‍ വിപണി അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡ് മഹാമാരിക്ക് പിന്നാലെ മുഴുവന്‍ വിമാന കമ്പനികളും തങ്ങളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് ഗോ ഫസ്റ്റ് തങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇതേ തുടര്‍ന്ന് സര്‍വീസ് നടത്തിയിരുന്ന ഏതാനും ചില റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഡൽഹി-ശ്രീനഗർ, ഡൽഹി-പൂനെ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കമ്പനി വര്‍ധിപ്പിച്ചത്. എന്നാല്‍ അധികരിപ്പിച്ച ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ടെന്നും മിതത്വം പാലിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഗോ ഫസ്റ്റ് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള നീക്കത്തിലാണെന്നും വര്‍ധിപ്പിച്ചിട്ടുള്ള ടിക്കറ്റ് നിരക്ക് ഉടന്‍ പിന്‍വലിക്കില്ലെന്നും വിമാന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മെയ് മൂന്ന് മുതലാണ് ഗോ ഫസ്റ്റിന്‍റെ ഏതാനും സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. മെയ് 26 വരെ സര്‍വീസ് നിര്‍ത്തി വയ്‌ക്കാനാണ് കമ്പനിയുടെ തീരുമാനം.