ന്യൂഡല്‍ഹി:ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും മറ്റ് ഇന്‍റര്‍നെറ്റ് അധിഷ്‌ഠിത ഫോറങ്ങള്‍ക്കും എതിരായ പരാതികള്‍ പരഹരിക്കുന്നതിനായി കേന്ദ്രം മൂന്ന് പരാതി പരിഹാര ഉന്നതധികാര സമിതിയെ (ഗ്രിവൻസ് അപ്പല്ലേറ്റ് കമ്മിറ്റി) നിയോഗിച്ചു. 2021ല്‍ ഭേദഗതി ചെയ്‌ത ഐടി ചട്ടപ്രകാരമാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓരോ കമ്മിറ്റികളിലും ഒരു ചെയര്‍പേഴ്‌സണ്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍, ജോലിയില്‍ പ്രവേശിച്ച് മൂന്ന് വര്‍ഷത്തിന് ശേഷം വിരമിച്ച സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവരാണ് ഉണ്ടാകുക.
പരാതി പരിഹാര ഉന്നതധികാര സമിതിയുടെ പ്രവര്‍ത്തനം:സമൂഹ മാധ്യമ സേവനങ്ങള്‍ക്കെതിരായ പരാതികള്‍ അതാത് സ്ഥാപനങ്ങള്‍ തന്നെ പരിഹരിക്കുന്ന രീതിയായിരുന്നു നേരത്തെ തുടര്‍ന്നിരുന്നത്. എന്നാല്‍ 2021 ഫെബ്രുവരിയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ പരാതി പരിഹാര ഓഫിസറെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് സമൂഹമാധ്യമങ്ങളിലെ ഉളളടക്കത്തെയും മറ്റും കുറിച്ചുള്ള പരാതികള്‍ ഈ ഉദ്യോഗസ്ഥനെ അറിയിക്കാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ കമ്പനികള്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അതൃപ്‌തിയുണ്ടെങ്കില്‍ നേരിട്ട് കോടതിയിലെത്താതെ ഇനി മുതല്‍ പരാതി പരിഹാര ഉന്നതധികാര സമിതികളെ സമീപിച്ചാല്‍ മതിയാകും. നിങ്ങള്‍ സമര്‍പ്പിക്കുന്ന പരാതിയില്‍ കമ്പനികള്‍ നിയോഗിച്ചിരിക്കുന്ന പരാതി പരിഹാര ഉദ്യോഗസ്ഥന്‍റെ പ്രതികരണം ലഭിച്ച് 30 ദിവസത്തിനുള്ളില്‍ തന്നെ ആ തീരുമാനെത്തിരെ എതിര്‍പ്പുണ്ടെങ്കില്‍ പരാതി പരിഹാര ഉന്നതധികാര സമിതിയില്‍ അപ്പീല്‍ നല്‍കാം. സര്‍ക്കാര്‍ നിയോഗിച്ച സമിതി ഉപയോക്താക്കള്‍ സമര്‍പ്പിക്കുന്ന അപ്പീലുകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ തന്നെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും.
പരാതി പരിഹാര ഉന്നതധികാര സമിതി പരാതികള്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കുന്നുണ്ട്. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് പരാതി അറിയിക്കാനും പരാതിയുടെ പുരോഗതി കുറിച്ച് അറിയാനും സാധിക്കും.