ന്യൂഡല്‍ഹി:ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിന് മുന്നോടിയായി, രാജ്യത്തെ വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാൻ നിര്‍ദേശങ്ങളുമായി കേന്ദ്ര വൈദ്യുതി മന്ത്രാലയം. വൈദ്യുതി വിതരണ ശൃംഖലയായ നാഷണല്‍ ഗ്രിഡിനും അനുബന്ധ ഏജന്‍സികള്‍ക്കുമാണ് മന്ത്രാലയം നിര്‍ദേശങ്ങള്‍ കൈമാറിയത്. പണിമുടക്ക് ദിവസങ്ങളില്‍ മുഴുവന്‍ സമയ വൈദ്യുതി വിതരണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം അതീവ ജാഗ്രത പാലിക്കാനുമാണ് മുഴുവന്‍ ഏജന്‍സികളോടും മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
അവശ്യ സേവന പരിപാലന നിയമത്തിന്‍റെ (ESMA- Essential Services Maintenance Act ) ഭീഷണി വകവെക്കാതെ ഹരിയാനയിലെയും ചണ്ഡീഗഡിലെയും റോഡ്‌വേ, ഗതാഗത, വൈദ്യുതി വകുപ്പുകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സംയുക്‌ത സംഘടനകള്‍ അറിയിച്ചു. കൽക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാൽ, ആദായനികുതി, ചെമ്പ്, ബാങ്കുകൾ, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലെ തൊഴിലാളി സംഘടനകളാണ് സമരത്തിന് നോട്ടീസ് നൽകിയത്. റെയിൽവേയിലെയും പ്രതിരോധ മേഖലയിലെയും യൂണിയനുകൾ പലയിടത്തും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജന പ്രക്ഷോഭം ആസൂത്രണം ചെയ്‌തിട്ടുണ്ട്.
വിവിധ മേഖലകളിലെ തൊഴിലാളികളെ ബാധിക്കുന്ന കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 28, 29 തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറമാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ബാങ്കിംഗ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള സാമ്പത്തിക മേഖലകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി ഇതര സംഘടനകളെല്ലാം പണിമുടക്കിനെ പിന്തുണക്കുന്നുണ്ട്.