ഹൈദരാബാദ്: തെലങ്കാനയില്‍ (Telangana) ബിആര്‍എസ് സര്‍ക്കാരുമായി (BRS Government) പുതിയ പോര്‍മുഖം തുറന്ന് ഗവർണർ തമിഴിസൈ സൗന്ദര്‍രാജൻ (Tamilisai Soundarajan). തെലങ്കാന സര്‍ക്കാര്‍ എംഎല്‍സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌ത രണ്ട് പേരുകള്‍ ഗവർണർ തള്ളിയതോടെയാണ് പുതിയ ഭിന്നത ഉടലെടുത്തത്. ബിആര്‍എസ് നേതാക്കളായ ദാസോജു ശ്രവണിന്‍റെയും, കുറ്‌റ സത്യനാരായണയുടെയും പേരുകളാണ് തമിഴിസൈ സൗന്ദര്‍രാജൻ തള്ളിയത് (Governor Tamilisai Rejected Nominated Quota MLCs Names in Telangana).
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 171 (5) പ്രകാരം ആവശ്യമായ യോഗ്യതകൾ സർക്കാർ നാമനിർദേശം ചെയ്‌ത ഇരുവർക്കുമില്ലെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനും ചീഫ് സെക്രട്ടറിക്കും അയച്ച കത്തിൽ തമിഴിസൈ സൗന്ദര്‍രാജൻ വ്യക്തമാക്കി. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തവര്‍ സേവനമേഖലയിൽ സേവനമനുഷ്ഠിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഈ ക്വാട്ടയിൽ ഇവരെ നോമിനേറ്റ് ചെയ്യാൻ കഴിയില്ലെന്നും പേരുകള്‍ തള്ളിക്കൊണ്ട് ഗവർണർ വ്യക്തമാക്കി.