ന്യൂഡൽഹി :ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ വലിയ വിമർശനങ്ങൾ ഉയർത്തിയ ഡിയോഡറന്‍റിന്‍റെ പരസ്യം നിരോധിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം. ബോഡി സ്‌പ്രേ ലെയേഴ്‌സ് ഷോട്ടിന്‍റെ പരസ്യമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. പരസ്യ ചട്ടത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണവും ആരംഭിച്ചു.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോടും യൂട്യൂബിനോടും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു സമൂഹ മാധ്യമങ്ങൾക്കും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം ഇമെയിൽ അയച്ചു. പരസ്യങ്ങള്‍ വിവര സാങ്കേതിക (ഇന്‍റര്‍മീഡിയറി മാര്‍ഗനിര്‍ദേശങ്ങളും ഡിജിറ്റല്‍ മീഡിയ പെരുമാറ്റച്ചട്ടവും) ചട്ടം 2021ലെ ചട്ടം 3(1)(ബി) (ഐ ഐ) ലംഘിക്കുന്നതായി മന്ത്രാലയം ഇമെയിലിൽ ചൂണ്ടിക്കാട്ടി.
വീഡിയോകള്‍ ടിവിയിലും സംപ്രേക്ഷണം ചെയ്തിട്ടുണ്ടെന്നും അത് ബന്ധപ്പെട്ട മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതായും ഇമെയിലില്‍ പറയുന്നു. അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഎസ്‌സിഐ), 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമങ്ങള്‍ക്കനുസൃതമായി ടിവിയില്‍ പരസ്യം ചെയ്യുന്നതില്‍ സ്വയം നിയന്ത്രണത്തിനുള്ള ചട്ടം ആവിഷ്‌കരിച്ചിട്ടുണ്ട്. പരസ്യം ഉടനടി താത്‌കാലികമായി നിര്‍ത്താന്‍ പരസ്യദാതാവിനെ എഎസ്‌സിഐ അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.