ന്യൂഡൽഹി: ആപ്പിൾ ഫോണുകളിലെ സുരക്ഷാ വീഴ്‌ച ചൂണ്ടിക്കാട്ടി ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ (Government Issues High Risk Alerts in Apple iOS). സ്വകാര്യ വിവരങ്ങൾ അടക്കം ചോർത്താൻ കഴിയുന്ന നിരവധി പിഴവുകൾ ആപ്പിൾ ഉപകരണങ്ങളിൽ ഉള്ളതായാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമില്‍ നിന്നുള്ള (സിഇആര്‍ടി) സുരക്ഷാ സംഘമാണ് മുന്നറിയിപ്പ് നല്‍കിയത്. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ നോഡൽ ഏജൻസിയാണ് സിഇആര്‍ടി (CERT).
ആപ്പിളിന്‍റെ ഓപറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസ് (iOS), ഐപാഡ് ഒഎസ് (iPadOS), മാക് ഒഎസ് (macOS), ടിവി ഒഎസ് (tvOS), വാച് ഒഎസ് (watchOS) എന്നിവയിലും, ആപ്പിളിന്‍റെ ബ്രൗസറായ സഫാരിയിലും നിരവധി സുരക്ഷാ വീഴ്‌ചകളുള്ളതായി സിഇആര്‍ടി ചൂണ്ടിക്കാട്ടുന്നു. ഈ പിഴവുകൾ സ്വകാര്യ വിവരങ്ങളിലേക്കുള്ള അനധികൃത കടന്നുകയറ്റം അടക്കമുള്ള സൈബർ ആക്രമണങ്ങളിലേക്ക് നയിച്ചേക്കാം എന്ന് മുന്നറിയിപ്പിൽ പറയുന്നു.