ഗോരഖ്‌പൂർ: ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ അമിതവേഗതയിലെത്തിയ ട്രക്ക് രണ്ട് ബസുകൾക്ക് പിന്നിലിടിച്ച് 6 പേർ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 12 പേരുടെ നില ഗുരുതരമാണ്. (6 killed, 27 hurt Gorakhpur-Kushinagar highway accident) ജഗദീഷ്‌പൂരിന് സമീപം ഗൊരഖ്‌പൂർ-കുശിനഗർ ഹൈവേയിലാണ് നാടിനെ ഞെട്ടിച്ച അപകടം ഉണ്ടായത്. വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം.
പരിക്കേറ്റവരെ അഞ്ച് ആംബുലൻസുകളുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തിച്ചിരുന്നു. മരിച്ചവരിൽ ശൈലേഷ് പട്ടേൽ, സുരേഷ് ചൗഹാൻ, നിതേഷ് സിംഗ്, ഹിമാൻഷു യാദവ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ ചിലരുടെ നില അതീവഗുരുതരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.
സിറ്റി എസ്‌പിയും മറ്റ് ഉദ്യോഗസ്ഥരും സദർ ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തി പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ ശരിയായ ചികിത്സ സംബന്ധിച്ച് ഡോക്‌ടർമാരുമായി ആശയവിനിമയം നടത്തി.
ബസ് ഖോരഖ്‌പൂരിൽ നിന്നുള്ള യാത്രക്കാരുമായി പരൗണയിലേക്ക് പോവുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ജഗദീഷ്‌പൂരിലെ മല്ലപുരിന് സമീപം ബസിന്‍റെ ചക്രം പഞ്ചറാകുകയായിരുന്നു. തുടർന്ന് ഡ്രൈവർ ബസ് റോഡിന്‍റെ സൈഡിൽ നിർത്തുകയായിരുന്നു. യാത്രക്കാരെ നിശ്ചിത സ്ഥാനത്ത് എത്തിക്കാനായി കണ്ടക്‌ടർ മറ്റൊരു ബസ് ഏർപ്പാട് ചെയ്‌തിരുന്നു.
ഇതിനായി ഏർപ്പാട് ചെയ്‌ത, ഗോരഖ്‌പൂരിൽ നിന്നും വന്ന ബസിലേക്ക് ചില യാത്രക്കാർ കയറിയിരുന്നു, മറ്റുള്ളവർ ബസിൽ കയറാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം നിരവധി യാത്രക്കാർ രണ്ട് ബസുകൾക്കുമിടയിലായി നിന്നിരുന്നു. ഇതിനിടെയാണ് അമിതവേഗതയിൽ വന്ന ട്രക്ക് നിരവധി യാത്രക്കാർ ഉണ്ടായിരുന്ന ബസിൽ ഇടിക്കുന്നത്.