ന്യൂഡല്‍ഹി: രാഷ്‌ട്രപതി സ്ഥാനാര്‍ഥിയാകാനുള്ള ആവശ്യം നിരസിച്ച് മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്‌ണ ഗാന്ധി. ശരദ് പവാറിന് പിന്നാലെയാണ് പ്രതിപക്ഷ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയാകാനുള്ള പ്രതിപക്ഷ നേതാക്കളുടെ ക്ഷണം അദ്ദേഹം തള്ളിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ഒടുവിലും സ്ഥാനാര്‍ഥിത്വം അദ്ദേഹം നിരസിക്കുകയായിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായ സ്വാധീനമുള്ള ഒരാളാകണം സ്ഥാനാര്‍ഥിയാകേണ്ടത്. അതിന് തന്നേക്കാള്‍ യോഗ്യരായവര്‍ വേറെയുണ്ടെന്നാണ് കരുതുന്നത്. സഹപ്രവര്‍ത്തകരുടെ ആവശ്യം സന്തോഷത്തോടെ നിരസിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യം നിലനിര്‍ത്താനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന ഒരാളാകണം സ്ഥാനാര്‍ഥിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.