ടോക്കിയോ : ഗൂഗിളിൽ നിന്നാണ് താൻ ഹൈജംപിന്‍റെ ആദ്യ പാഠങ്ങൾ പഠിച്ചതെന്ന് ടോക്കിയോ പാരാലിമ്പിക്‌സ് ഹൈജംപിൽ വെള്ളി മെഡൽ നേടിയ പ്രവീൺ കുമാർ. ആദ്യകാലത്ത് പാര-അത്‌ലറ്റിക്‌സിനെക്കുറിച്ച് അറിവില്ലാത്തതിനാൽ ഗൂഗിളിൽ നിന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ മനസിലാക്കിയതെന്നും പിന്നീടാണ് പരിശീലകരെ ലഭിച്ചതെന്നും പതിനെട്ടുകാരനായ പ്രവീൺ കുമാർ പറഞ്ഞു. പാരാലിമ്പിക് ടി 64 വിഭാഗത്തിൽ 2.07 മീറ്റർ ചാടിക്കടന്ന് ഏഷ്യൻ റെക്കോഡോടെയാണ് പ്രവീൺ കുമാർ വെള്ളി മെഡൽ സ്വന്തമാക്കിയത്.
'ആദ്യകാലത്ത് ഞാൻ ഗൂഗിളിൽ ഹൈജമ്പിന്‍റെ വീഡിയോകൾ കാണുകയും അതിൽ നിന്ന് പഠിക്കുകയുമായിരുന്നു. അക്കാലത്ത് എന്നെ പഠിപ്പിക്കാൻ ആരുമില്ലായിരുന്നു. പിന്നീട് ഒരു ജില്ലാതല മീറ്റിനിടെ കോച്ച് ഡോ. സത്യപാലിനെ കാണുകയും അദ്ദേഹം എന്നെ പരിശീലിപ്പിക്കാം എന്ന് സമ്മതിക്കുകയും ചെയ്‌തു,' പ്രവീണ്‍ കുമാർ പറഞ്ഞു.
വോളിബോൾ താരമായിരുന്ന താൻ പിന്നീട് ഹൈജംപിനെ പ്രണയിക്കുകയായിരുന്നു. ഗൂഗിളിൽ വീഡിയോകൾ കണ്ടാണ് ഞാൻ പാര-അത്‌ലറ്റിക്സ്, ഹൈജമ്പ് എന്നിവയെക്കുറിച്ച് അറിഞ്ഞത്. പിന്നീട് 2018 ൽ ഡോ. സത്യപാലിനെ കണ്ടതുമുതലാണ് ഹൈജംപിലേക്ക് ഞാൻ പൂർണമായും എത്തുന്നത്. എന്നാൽ താൻ ഇതുവരെ എത്തുമെന്നും പാരാ അത്‌ലറ്റിക്‌സിൽ വിജയിക്കുമെന്നും ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും പ്രവീണ്‍ പറഞ്ഞു.
ALSO READ:പാരാലിമ്പിക്സിൽ വീണ്ടും വെള്ളിനേട്ടം; ഹൈജംപിൽ പ്രവീൺ കുമാറിന് മെഡല്‍
ടോക്കിയോയിൽ ചാടാൻ എത്തിയപ്പോൾ തനിക്ക് ആത്മവിശ്വാസം കുറവായിരുന്നു. ഒളിമ്പിക് സ്റ്റേഡിയത്തിൽ ചെറിയ ചാറ്റൽമഴയുണ്ടായിരുന്നു. കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച ഹൈജമ്പർ മാരിയപ്പൻ തങ്കവേലുവിന് ടി63 ഫൈനലിൽ സ്വർണ്ണ മെഡൽ നഷ്ടമായിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2.07 മീറ്റർ ചാടിക്കടന്ന് രാജ്യത്തിനായി തനിക്ക് മെഡൽ നേടാനായി, പ്രവീണ്‍ കുമാർ കൂട്ടിച്ചേർത്തു.