ഹൈദരാബാദ് : ഒരു കോടിയില്‍ അധികം ഡൗണ്‍ലോഡുകളുള്ള 17 സ്പൈലോണ്‍ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്ത് ഗൂഗിള്‍. സ്പൈലോണ്‍ എന്ന് രേഖപ്പെടുത്തിയ ആപ്പുകളാണ് നീക്കം ചെയ്തിരിക്കുന്നത്. എഎ ക്രെഡിറ്റ് (AA Kredit), അമോര്‍ ക്യാഷ് (Amor Cash), ഗുവായബ ക്യാഷി (GuayabaCash), ഈസി ക്രെഡിറ്റ് (EasyCredit), ക്യാഷ് വൗ (Cashwow), ക്രെഡിബസ് (CrediBus), ഫ്ലാഷ്ലോണ് (FlashLoan), പ്രെസ്തമോസ്ക്രെഡിറ്റ് (PréstamosCrédito), പ്രെസ്തമോസ് ദെ ക്രെഡിറ്റോ-യുമിക്യാഷ് (Préstamos De Crédito-YumiCash), ഗോ ക്രെഡിറ്റോ (Go Crédito), ഇന്സ്റ്റന്റ്റാനിയോ (Instantáneo Préstamo), കാര്ടെറാ ഗ്രാന്‍ഡെ (Cartera grande), റാപിഡോ ക്രെഡിറ്റ് (Rápido Crédito), ഫിനപ്പ് ലെന്‍ഡിങ് (Finupp Lending), 4എസ് ക്യാഷ് (4S Cash), ട്രൂനൈറ (TrueNaira), ഈസി ക്യാഷ് (EasyCash) എന്നീ 17 ആപ്ലിക്കേഷനുകളാണ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളത്.
ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന ആപ്പുകളുടെ എണ്ണത്തില്‍ അടുത്തിടെ വര്‍ധനവുണ്ടായതായി കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ കണക്കിലെടുത്ത് ഉപയോക്താക്കളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഗൂഗിളിന്റെ നടപടി. സൈബര്‍ സുരക്ഷ വിദഗ്ധരായ സ്ലോവാക് സോഫ്റ്റ്വെയര് കമ്പനിയാണ് (ഇഎസ്ടി) ഗൂഗിളിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത് (Slovak Software Company).
ഉപയോക്താക്കള്‍ക്ക് വായ്പകള്‍ തരപ്പെടുത്തി നല്‍കാനെന്ന വ്യാജേന നിരവധി ലോണ്‍ ആപ്ലിക്കേഷനുകളും അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. സാധാരണ ലഭിക്കുന്ന വായ്പകളേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുമെന്നാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ വാഗ്ദാനം നല്‍കുന്നത്. പലപ്പോഴും ഇത്തരം ആപ്ലിക്കേഷനുകളിലൂടെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളുമെല്ലാം ഹാക്ക് ചെയ്യപ്പെടുന്ന സന്ദര്‍ഭങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (Google Ban SpyLoan Apps).
ഹാക്ക് ചെയ്യപ്പെടുന്ന ഇത്തരം വിവരങ്ങള്‍ ഉപയോഗിച്ച് പിന്നീട് ഉപയോക്താക്കളെ ബ്ലാക്ക് മെയില്‍ ചെയ്യാനും നേരത്തെ പറഞ്ഞ പലിശ നിരക്കിനേക്കാള്‍ വലിയ തുക പലിശ ഈടാക്കാനും നിര്‍ബന്ധിതരാക്കുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ലക്ഷ്യമിട്ടാണ് കൂടുതലായും ഇത്തരം ആപ്ലിക്കേഷനുകള്‍ നിര്‍മിക്കുന്നത് (SpyLoan Apps).