വാഷിങ്ടണ്‍: ഇന്‍റര്‍നെറ്റ് ഭീമനായ ഗൂഗിള്‍ ഗുജറാത്തില്‍ ആഗോള ഫിന്‍ടെക് ഓപ്പറേഷന്‍ സെന്‍റര്‍ ഉടന്‍ തുടങ്ങുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്നലെ (ജൂണ്‍ 23) അമേരിക്കയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് പിച്ചൈ ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയാണെന്നും പിച്ചൈ പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഏറെ പ്രശംസനീയമാണെന്നും ഈ കാഴ്‌ചപ്പാട് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ക്ക് കൂടി സ്വീകരിക്കാനാകുന്ന തരത്തിലുള്ള ബ്ലൂ പ്രിന്‍റാണിതെന്നും പ്രധാനമന്ത്രിയുടെ കാലഘട്ടത്തെക്കാള്‍ അധികം ദൂരം മുന്നിലാണ് അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടുകളെന്നും യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കൈവരിച്ച പുരോഗതികള്‍ കാണുമ്പോള്‍ അഭിമാനമുണ്ട്. പ്രത്യേകിച്ചും ഡിജിറ്റല്‍ ഇന്ത്യയെന്ന പദ്ധതിയെ കുറിച്ച് അറിയുമ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടിക്കാഴ്‌ചയ്‌ക്ക് അവസരമൊരുക്കി ബൈഡന്‍ ഫിമിലി:അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും ഭാര്യ ജിൽ ബൈഡന്‍റെയും ക്ഷണപ്രകാരം യുഎസിലെത്തിയ മോദി ഇന്നലെയാണ് (ജൂണ്‍ 23) സിഇഒ സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്‌ച നടത്തിയത്. പിച്ചൈയെ കൂടാതെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ല, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, എഎംഡി സിഇഒ ലിസ സു എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയ വിനിമയം നടത്തിയിരുന്നു. വന്‍ കമ്പനി സിഇഒമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച ഇന്ത്യക്ക് ഏറെ ഗുണകരമായേക്കുമെന്നാണ് പ്രതീക്ഷ.