മലയാളികള്‍ ഒരുമയുടെ ഓണം ആഘോഷിക്കുന്ന ഇതേ ദിവസമാണ് സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പാട്ടുകാരന്‍ ഭൂപന്‍ ഹസാരികയുടെ ജന്മദിനം വന്നെത്തിയത്. 1926 സെപ്‌റ്റംബര്‍ എട്ടിന് അസമിലെ സാദിയയിൽ ജനിച്ച ഭൂപന്‍ സംഗീതജ്ഞന്‍, ഗാനരചയിതാവ്, ചലച്ചിത്രകാരന്‍, നടന്‍, നിയമസഭാംഗം എന്നീ നിലകളിലും ശോഭിച്ച് രാജ്യത്തിനാകെ അഭിമാനമായി തീര്‍ന്നയാളാണ്. അദ്ദേഹത്തിന്‍റെ 96ാം ജന്മദിനത്തില്‍ ആദരവേകിയിരിക്കുകയാണ് ഗൂഗിള്‍. ഗമോസ (അസമിലെ പരമ്പരാഗത ഷാള്‍) കഴുത്തില്‍ അണിഞ്ഞ്, മൈക്കുവച്ച് ഹാര്‍മോണിയം വായിക്കുന്ന ഭംഗിയാര്‍ന്ന ഗ്രാഫിക്കല്‍ ആര്‍ട്ടാണ് ഭൂപന്‍ ഹസാരികയുടെ ഡൂഡിളായി ഗൂഗിള്‍ ഉള്‍പ്പെടുത്തി, കലാകാരനുള്ള ആദരമര്‍പ്പിച്ചത്.
അരങ്ങേറ്റം ബാലതാരമായി, പിന്നീട് 'ഭാരതത്തിന്‍റെ രത്‌നം':അധ്യാപക കുടുംബാംഗമായിരുന്ന ഭൂപന്‍, വ്യത്യസ്‌തത തേടിയാണ് കലാരംഗത്തേക്ക് എത്തിപ്പെട്ടത്. പത്താം വയസിൽ ഒരു കാസറ്റിൽ പാടി കഴിവുതെളിയിച്ചതാണ് അദ്ദേഹത്തിന് വ്യത്യസ്‌തമായ വഴി തേടാന്‍ ഊര്‍ജമായത്. പുറമെ, ഇന്ത്യൻ സിനിമാചരിത്രത്തിൽ രണ്ടാമത്തെ ശബ്‌ദചിത്രമായ ഇന്ദ്രമാലതിയിൽ 12 വയസുള്ളപ്പോള്‍ നടനായി അരങ്ങേറ്റം കുറിച്ചു. അസമിന്‍റെ സ്‌പന്ദനം നിറഞ്ഞുനില്‍ക്കുന്നതാണ് ഹസാരികയുടെ പാട്ടുകള്‍. അസമിന്‍റെ സ്വന്തം കലാകാരനാണെങ്കിലും രാജ്യമാകെ അദ്ദേഹത്തെ കൊണ്ടാടിയതിന്‍റെ തെളിവുകൂടിയാണ് ഭാരത്‌രത്ന, പത്മഭൂഷൺ, പത്മശ്രീ, ദാദാസാഹിബ് ഫാൽക്കെ തുടങ്ങിയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.
ഗാനരചയിതാവ് എന്ന നിലയിൽ വരികളിലെ വൈവിധ്യവും ഗായകന്‍ എന്ന നിലയില്‍ തെളിമയുള്ള ഇളം ശബ്‌ദവുമാണ് അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്. അസമിനുപുറമെ പശ്ചിമബംഗാളിലും ഓളമുണ്ടാക്കി അയൽരാജ്യമായ ബംഗ്ലാദേശില്‍ വരെ ഹസാരിക ചലനം സൃഷ്‌ടിച്ചു. അസമീസ് സിനിമകളായിരുന്നു തുടക്കത്തിൽ അദ്ദേഹത്തിന്‍റെ തട്ടകമെങ്കിലും പിന്നീട് ബോളിവുഡിലേക്ക് ചുവടുമാറുകയുണ്ടായി. ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ ഹിന്ദി സിനിമയിൽ സജീവമായി. പ്രശസ്‌ത ഹിന്ദി ചലച്ചിത്രങ്ങളായ എക്‌പാൽ, രുദാലി, ദാമൻ, സാസ്, ക്യോൻ തുടങ്ങിയവയിലൂടെയാണ് അദ്ദേഹം സംഗീത രംഗത്ത് സജീവമായത്. ഈ സിനിമകള്‍ക്കായി സംഗീതം നല്‍കുകയും ഒപ്പം പാടുകയും ചെയ്‌തു.
രാഷ്‌ട്രീയത്തില്‍ ആദ്യം മധുരിച്ചു പിന്നെ..!:എംഎഫ് ഹുസൈൻ സംവിധാനം ചെയ്‌ത ഗജഗാമിനി ചിത്രത്തിലെ സംഗീതവും ഗാനാലാപനവും ഹസാരികയായിരുന്നു. ശകുന്തള (1960), പ്രതിധ്വനി (1964), ലോട്ടി ഗോട്ടി (1967) എന്നീ ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം സ്വന്തമാക്കി. ചമേലി മേംസാബി (1977) സംഗീത സംവിധാനത്തിന് ദേശീയപുരസ്‌കാരം നേടി. 1977 ല്‍ പത്മഭൂഷൺ, 1993 ല്‍ ചലച്ചിത്രരംഗത്തെ പരമോന്നതബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ, കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, അസം സർക്കാരിന്‍റെ ഉന്നതപുരസ്‌കാരമായ ശങ്കർദേവ് അവാർഡ് തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തി.
1967-72 കാലയളവിലാണ് എംഎൽഎയായി അസം നിയമ സഭയിലെത്തിയത്. സ്വതന്ത്രനായായിരുന്നു അദ്ദേഹത്തിന്‍റെ സഭയിലേക്കുള്ള രംഗപ്രവേശനം. 2004 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഗുവാഹത്തിയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ജനവിധി അനുകൂലമല്ലായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖം മൂലം മുംബൈയിലെ കോകിലാബെൻ ആശുപത്രിയില്‍ വച്ച് 2011 നവംബർ അഞ്ചിന് 85 വയസിൽ അന്തരിച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദീതീരത്താണ് സംസ്‌കരിച്ചത്.