ബെംഗളുരു: 'ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ' എന്ന കീവേർഡുകളുള്ള ഗുഗിൾ സെർച്ച് ഫലത്തിൽ "കന്നഡ" കാണിച്ചതിന് പുതിയ വിവാദം നേരിട്ട് ഗൂഗിൾ ഇന്ത്യ. കഴിഞ്ഞ ദിവസം ഉപഭോക്താക്കൾക്കിടയിൽ ഇത് വന്‍ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. കർണാടക സർക്കാർ കമ്പനിക്കെതിരെ നിയമ നടപടികൾ കൈക്കാള്ളുമെന്ന് മുന്നറിയിപ്പ് നൽകി. അതേസമയം കമ്പനിയുടെ പ്രതിഫലനമല്ല സെർച്ച് ഫലങ്ങളെന്നും ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നതായും ഗൂഗിൾ ഇന്ത്യ വക്താവ് പറഞ്ഞു.
ഗൂഗിൾ പരസ്യമായി മാപ്പ് പറയണമെന്ന് കർണാടകയുടെ സംസ്കാരിക വനം വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ട്വിറ്ററിൽ കുറിച്ചു. "2,500 വർഷങ്ങളുടെ പഴക്കമുള്ള കന്നഡ ഭാഷയ്ക്ക് അതിന്‍റേതായ ഒരു ചരിത്രമുണ്ട്. ഈ രണ്ടര സഹസ്രാബ്ദങ്ങളിലൂടെ കന്നഡിഗരുടെ അഭിമാനമാണ്. കന്നഡയെ ഇപ്പോൾ 'ഇന്ത്യയിലെ ഏറ്റവും മോശം' ഭാഷ എന്ന് വിളിക്കുന്നുവെങ്കിൽ കന്നഡിഗരെ അപമാനിക്കാനുള്ള ഗൂഗിളിന്‍റെ ശ്രമം മാത്രമാണിത്" എന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.