ന്യൂഡല്‍ഹി: യുക്രൈനിൽ കുടുങ്ങിയവരില്‍ 17 മലയാളികള്‍ ഉള്‍പ്പടെ 250 ഇന്ത്യൻ പൗരരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഡൽഹിയിലെത്തിയത്. റൊമേനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്നും എത്തിയവരെ സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ചേര്‍ന്നാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്.
പലരും തിരികെ സുരക്ഷിതമായി നാട്ടിലെത്തിയതിന്‍റെ ആശ്വാസത്തിലായിരുന്നു. മഹാരാഷ്‌ട്രയിലെ സോലാപൂരിൽ നിന്നുള്ള സൂര്യ സുഭാഷ് തിരികെ നാട്ടിലെത്താനായതിന്‍റെ ആഹ്ളാദം പ്രകടിപ്പിച്ചു. 'അവിടെ (യുക്രൈനില്‍) സ്ഥിതി വളരെ മോശമാണ്. ആളുകൾ ഒറ്റപ്പെട്ടിരിക്കുകയാണ്,' സൂര്യ സുഭാഷ് പറഞ്ഞു. തിരികെയെത്തിയ നിരവധി വിദ്യാർഥികൾ ഭാവി വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും ആശങ്ക പങ്കുവച്ചു.
വിവിധ നടപടിക്രമങ്ങൾ ഉണ്ടായിരുന്നതിനാല്‍ വെള്ളിയാഴ്‌ച യുക്രൈന്‍-റൊമേനിയ അതിർത്തിയിൽ തനിക്കും സുഹൃത്തുക്കൾക്കും ഏകദേശം 12 മണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ സര്‍വകലാശാലയിലെ അഞ്ചാം വർഷ എംബിബിഎസ് വിദ്യാർഥി വിപിൻ എ.ഡി പറഞ്ഞു. ഗതാഗത കുരുക്ക് മൂലം അതിർത്തിയിലേക്ക് അഞ്ച് കിലോമീറ്റര്‍ നടന്നുവെന്നും തിരുവനന്തപുരം സ്വദേശിയായ വിപിന്‍ കൂട്ടിച്ചേര്‍ത്തു.
സര്‍വകലാശാല രണ്ടാഴ്‌ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് ശേഷം ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ പഠനത്തിന്‍റെ അവസാന വർഷം കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിപിന്‍ പറഞ്ഞു. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, അരുണാചൽ പ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങിയെത്തിയത്. ഇതില്‍ കൂടുതലും വിദ്യാര്‍ഥികളാണ്.
'ഞങ്ങളുടെ പഠനത്തെക്കുറിച്ച് ആശങ്കാകുലരാണ്. അതേസമയം തിരിച്ചെത്താനായതിലും സന്തോഷമുണ്ട്. ഞങ്ങളെ തിരികെ കൊണ്ടുവന്നതിന് സർക്കാരിന് നന്ദി,' ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥി സുസ്‌മിത റാത്തോഡ് പറഞ്ഞു. 'എയർ ഇന്ത്യ ഞങ്ങളെ സഹായിച്ചു. ഇന്ത്യൻ എംബസി ഞങ്ങളോട് പൂർണമായും സഹകരിച്ചു,' മഹാരാഷ്‌ട്രയില്‍ നിന്നുള്ള മറ്റൊരു വിദ്യാർഥി സത്യം സംഭാജി പറഞ്ഞു.
ശനിയാഴ്‌ച രാത്രി താനും സഹപാഠികളും യുക്രൈന്‍-റൊമേനിയ അതിർത്തി കടന്നതായി ബുക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ സര്‍വകലാശാലയിലെ എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥി ഐശ്വര്യ പഥക് പറഞ്ഞു. 'ഞങ്ങളെ (പടിഞ്ഞാറൻ യുക്രൈനിലുള്ള ഒരു നഗരം) ചെർനിവറ്റ്‌സിയിലെ കാമ്പസിൽ നിന്ന് അതിർത്തിയിലേക്ക് കൊണ്ടുപോകാൻ യൂണിവേഴ്‌സിറ്റിയാണ് ബസ് സർവീസ് ക്രമീകരിച്ചത്. അതിർത്തിയിൽ നിന്ന് ഞങ്ങളെ ബസിൽ ബുക്കാറസ്റ്റ് എയർപോർട്ടിലേക്ക് കൊണ്ടുപോയി,' ഐശ്വര്യ പഥക് പറഞ്ഞു.