ഷിര്‍ദി (മഹാരാഷ്‌ട്ര): ഹൈദരാബാദ് സ്വദേശിയായ ഡോ. രാമകൃഷ്‌ണയുടെ ഭാര്യ രത്നമാംബയുടെ ആഗ്രഹമായിരുന്നു ഷിർദിയിലെ സായി ബാബ ക്ഷേത്രത്തിലേക്ക് ഒരു സ്വർണക്കിരീടം നൽകുക എന്നത്. മരണപ്പെടുന്നതിന് മുൻപ് ഭാര്യ ആവശ്യപ്പെട്ട ആ ആഗ്രഹം 30 വർഷങ്ങൾക്കിപ്പുറം സാധിച്ചു കൊടുത്തിരിക്കുകയാണ് രാമകൃഷ്‌ണ. 40 ലക്ഷം രൂപ വിലമതിക്കുന്ന 742 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടമാണ് രാമകൃഷ്‌ണ ഷിർദി ക്ഷേത്രത്തിൽ സമർപ്പിച്ചത്.
30 വർഷങ്ങൾക്ക് ശേഷം ഭാര്യയുടെ ആഗ്രഹം നിറവേറ്റി; ഷിർദി ക്ഷേത്രത്തിൽ സമർപ്പിച്ചത് 40 ലക്ഷത്തിന്‍റെ സ്വർണക്കിരീടം 1992-ൽ കുടുംബത്തോടൊപ്പം ഷിർദി സന്ദർശിച്ച വേളയിൽ ക്ഷേത്രത്തിലെ പുരോഹതിൻ ബാബയുടെ അലങ്കരിച്ച കിരീടം പുറത്തെടുത്ത് രത്നമാംബയുടെ കൈയിൽ വെച്ചുകൊടുത്തു. ശേഷം നിങ്ങളും ബാബയ്ക്ക് ഇതിന് സമാനമായ ഒരു കിരീടം സമർപ്പിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്‌തു. പുരോഹിതന്‍റെ അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന രത്‌നമാംബ ഇത്രയും വിലകൂടിയ കിരീടം തങ്ങൾക്ക് നൽകാൻ സാധിക്കുമോ എന്ന സംശയം രാമകൃഷ്‌ണയോട് ഉന്നയിച്ചു.
രത്‌നമാംബയുടെ ആഗ്രഹം മനസിലാക്കിയ രാമകൃഷ്‌ണ എല്ലാം ഒത്തുവരികയാണെങ്കിൽ നമുക്ക് ഇതുപോലൊരു കിരീടം സമർപ്പിക്കാം എന്ന് വാക്ക് നൽകുകയും ചെയ്‌തു. ഈ സംഭവത്തിന് രണ്ട് മാസത്തിന് ശേഷം 1992 നവംബറിൽ രത്നമാംബ അന്തരിച്ചു. തുടർന്ന് ഭാര്യയുടെ ആഗ്രഹം നിറവേറ്റാനായി ജോലി ചെയ്‌ത ലഭിക്കുന്ന പണം രാമകൃഷ്‌ണ കരുതലോടെ സ്വരൂപിച്ചു. ഇതിനിടെ മക്കളുടെ വിവാഹവും നടത്തി.
ഗാന്ധി ഹോസ്‌പിറ്റലിൽ സർജനായി ജോലി ചെയ്‌തിരുന്ന രാമകൃഷ്‌ണ വിരമിച്ച ശേഷം നിരവധി മെഡിക്കൽ കോളേജുകളിൽ പ്രൊഫസറായും ഡീനായും പ്രവർത്തിച്ചു. പിന്നാലെ മക്കളോടൊപ്പം അമേരിക്കയിലേക്ക് പോയ രാമകൃഷ്‌ണ അവിടെയും പല ആശുപത്രികളിലും പ്രൊഫസറായും ഡീനായും ജോലി ചെയ്‌തു. ആവശ്യത്തിനുള്ള പണം സ്വരൂപിച്ചതിന് പിന്നാലെ ഇന്ത്യയിലേക്കെത്തിയ രാമകൃഷ്‌ണ മക്കളോടൊപ്പമെത്തിയാണ് കിരീടം സമ്മാനിച്ചത്.