ചെന്നൈ: കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി ഷോറൂമില്‍ മോഷണം. 150 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ഇന്ന് (നവംബര്‍ 28) പുലര്‍ച്ചയെയാണ് സംഭവം.
രാവിലെ ഷോറൂം തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ മോഷണ നടന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി. ഷോറൂമിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു.
പുലര്‍ച്ചെ മുഖമൂടി ധരിച്ച ഒരാള്‍ ഷോറൂമിലെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഷോറൂമിലെ രണ്ടാം നിലയിലെ ദൃശ്യങ്ങളിലും ഇയാള്‍ ബാഗുമായി കടയ്‌ക്കുള്ളിലൂടെ നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഉണ്ട്.
ഒരാള്‍ ഒറ്റക്കാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഷോറൂമിലെ എയര്‍ ഹോളിലൂടെയാണ് മോഷ്‌ടാവ് അകത്ത് കയറിയത്. ഫോറന്‍സിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ടെന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മിഷണർ വി.ബാലകൃഷ്‌ണൻ പറഞ്ഞു. കൂടുതല്‍ ആഭരണങ്ങള്‍ മോഷ്‌ടിക്കപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഷോറൂമിലെ ജീവനക്കാര്‍ ആഭരണങ്ങളുടെ സ്റ്റോക്കുകള്‍ പരിശോധിക്കുകയാണെന്നും കമ്മിഷണര്‍ വ്യക്തമാക്കി.