കൊൽക്കത്ത : ഇന്‍ഡോ-ബംഗ്ലാദേശ് അതിർത്തിയിൽ വൻ സ്വർണ വേട്ട (Gold Smuggling at Indo Bangladesh border). 23 കിലോ സ്വർണവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ ബിഎഫ്‌എസ് (Border Security Force) ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു. മോട്ടോർ സൈക്കിളിന്‍റെ എയർ ഫിൽട്ടറിൽ ഒളിപ്പിച്ച 14 കോടി രൂപ വിലമതിക്കുന്ന സ്വർണം (Gold worth Rs 14 crore seized) ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേയ്‌ക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെ ദക്ഷിണ ബംഗാൾ അതിർത്തിയിൽ രാംഗട്ടിലെ 68 ബറ്റാലിയൻ സീമ ചൗക്കിൽവച്ച് ഉദ്യോഗസ്ഥർ പിടികൂടി.
സെപ്‌റ്റംബർ 18 ന് രാത്രിയാണ് സ്വർണവേട്ട നടന്നത്. സംഭവത്തിൽ നോർത്ത് 28 പർഗാനാസ് ജില്ലക്കാരനായ ഇന്ദ്രജിത് പത്ര (23)യാണ് പിടിയിലായത്. 50 സ്വർണ ബിസ്‌കറ്റുകളും 16 സ്വർണക്കട്ടികളുമാണ് (Gold Bars) പ്രതിയുടെ പക്കൽ ഉണ്ടായിരുന്നത്. അതിർത്തയിൽ സ്വർണ കടത്ത് നടക്കുന്നതായി ബിഎഫ്‌എസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
പിന്നീട് പ്രദേശത്ത് നടത്തിയ തെരച്ചിലിൽ സംശയാസ്‌പദമായ രീതിയിൽ ബൈക്ക് യാത്രികൻ വാൻ ജംഗ്ഷനിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതിനിടെ പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ സഹോദരന് അൽദംഗ ഗ്രാമത്തിൽ സ്വർണക്കടയുണ്ടെന്നും താൻ അവിടെ ജോലിക്കാരനാണെന്നുമാണ് പ്രതി പറഞ്ഞത്.