ദേവനഹള്ളി: വിമാനത്തിന്‍റെ വാഷ് ബേസിനില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണം കസ്‌റ്റംസ് പിടികൂടി. ഒക്‌ടോബർ ഏഴിന് മാലിദ്വീപിലെ മാലെയിൽ നിന്ന് ബെംഗളൂരു ദേവനഹള്ളി കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിലെ വാഷ് ബേസിനിൽ ഒളിപ്പിച്ച് അനധികൃതമായി കടത്തിയ സ്വർണമാണ് ബെംഗളൂരു കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വിപണിയില്‍ 1.8 കോടി രൂപ വിലമതിക്കുന്ന 3.2 കിലോ സ്വര്‍ണമാണ് കസ്‌റ്റംസ് അധികൃതരുടെ തെരച്ചിലില്‍ പിടികൂടിയത്.
വിമാനത്തില്‍ അനധികൃതമായി സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സാണ് (ഡിആര്‍ഐ) പരിശോധന നടത്തിയത്. വിമാനത്തിനകത്ത് നടത്തിയ പരിശോധനയ്‌ക്കിടെ ശുചിമുറിയിലെ വാഷ് ബേസിനില്‍ ബാഗ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇത് പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാണെന്ന് കണ്ടെത്തുന്നത്.
അതേസമയം വിദേശത്ത് നിന്നെത്തി ഈ വിമാനമാര്‍ഗം ആഭ്യന്തരമായി യാത്ര ചെയ്‌തയാളാവാം സ്വര്‍ണക്കടത്ത് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഒരുപക്ഷെ ഈ വിമാനത്തില്‍ മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന യാത്രക്കാരനെ കരുതി സ്വര്‍ണം ഇവിടെ ഒളിപ്പിച്ചതാവാമെന്ന സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സ്വര്‍ണം കടത്തിയ ആളെ കണ്ടെത്താനുള്ള നടപടികള്‍ കസ്‌റ്റംസ് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
Also Read: ഷൂവില്‍ തന്ത്രപരമായി ഒളിപ്പിച്ച് കടത്തല്‍ ; 25 ലക്ഷത്തിന്‍റെ സ്വർണവുമായി യുവതി നെടുമ്പാശ്ശേരിയില്‍ പിടിയിൽ
113 പേര്‍ ഉള്‍പ്പെട്ട കള്ളക്കടത്ത്: അടുത്തിടെ തമിഴ്‌നാട്ടിലെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 113 പേര്‍ ഉള്‍പ്പെടുന്ന സ്വര്‍ണക്കടത്ത് സംഘത്തെ പിടികൂടിയിരുന്നു. ഒമാനില്‍ നിന്നെത്തിയ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് രാജ്യാന്തര കള്ളക്കടത്തിന്‍റെ പുത്തന്‍വഴി പുറത്തായത്. ഒമാനില്‍ നിന്ന് ഒമാന്‍ എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ 186 യാത്രക്കാരെയാണ് ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് സംശയം തോന്നി തടഞ്ഞുവെച്ചത്.
വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇവരില്‍ 73 പേരെ വിട്ടയച്ചിരുന്നു. കള്ളക്കടത്ത് ബന്ധം സംശയിച്ച 113 പേരെ വീണ്ടും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലടക്കം ഒളിപ്പിച്ചുകടത്തിയ സ്വര്‍ണ ബിസ്‌കറ്റുകളും സ്വര്‍ണക്കുഴമ്പുമടക്കം 13 കിലോഗ്രാം സ്വര്‍ണം, 120 ഐ ഫോണുകള്‍, 84 ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍, വിലകൂടിയ വിദേശ സിഗററ്റുകള്‍, കുങ്കുമപ്പൂവ്, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
ഈ സാധനങ്ങളുടെ ആകെ മൂല്യം രാജ്യാന്തര മാര്‍ക്കറ്റില്‍ ഏതാണ്ട് 14 കോടി രൂപയോളം വരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. അതേസമയം വികേന്ദ്രീകൃത രീതിയില്‍ പുതിയ തന്ത്രത്തിലൂടെ ഫലപ്രദമായി വന്‍ കള്ളക്കടത്ത് ആസൂത്രണം ചെയ്‌ത വന്‍ തോക്കുകള്‍ക്കായി കസ്റ്റംസ് അധികൃതരും കേന്ദ്ര റവന്യൂ ഇന്‍റലിജന്‍സ് (Directorate Of Revenue Intelligence) വിഭാഗവും അന്വേഷണത്തിലാണ്.
Also Read: Gold Smuggling | സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 20 ലക്ഷം രൂപയുടെ സ്വർണം ; പൂനെയിൽ 41കാരി പിടിയിൽ