ന്യൂഡൽഹി:ഗുജറാത്തിൽ 2002ലെ ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന എട്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 17 മുതൽ 18 വരെ വർഷങ്ങളായി ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന നാല് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ ബെഞ്ച് വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി എട്ടു പ്രതികൾക്കും ജാമ്യം നൽകിയത്. കുറ്റകൃത്യത്തിൽ നാല് പേരുടെ പങ്ക് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്‍റെ വാദം. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
ഇവരിൽ ഒരാളെ പിടികൂടുമ്പോൾ ഇയാളുടെ കൈവശം ഇരുമ്പ് പൈപ്പ് ഉണ്ടായിരുന്നു. മറ്റൊരാൾ അരിവാൾ പോലെ തോന്നിക്കുന്ന ആയുധം കൈവശം വച്ചിരുന്നു. മറ്റൊരു കുറ്റവാളി കോച്ച് കത്തിക്കാൻ ഉപയോഗിച്ച പെട്രോൾ വാങ്ങുകയും സൂക്ഷിക്കുകയും കൊണ്ടുപോകുകയും ചെയ്‌തു. അവസാനത്തെ കുറ്റവാളി യാത്രക്കാരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്‌തുവെന്നും സോളിസിറ്റര്‍ ജനറൽ വ്യക്‌തമാക്കി.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ ഫറൂക്കിന് കഴിഞ്ഞ വർഷം ഡിസംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 17 വർഷം ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും തീവണ്ടിക്ക് നേരെ കല്ലെറിയുക മാത്രമാണ് പ്രതി ചെയ്‌തതെന്നും പരിഗണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്.