ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്‍റെ വനിത ശാക്തീകരണ പദ്ധതിയായ ഗൃഹലക്ഷ്മിയുടെ(Gruhalekshmi scheme) ഗുണഭോക്താവായി മൈസൂരിന്‍റെ ദേവത ചാമുണ്ഡേശ്വരിയും. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ ഗൃഹനാഥമാര്‍ക്ക് 2000 രൂപവീതം പ്രതിമാസം നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് ഗൃഹലക്ഷ്മി.
പദ്ധതിയിലുള്‍പ്പെടുത്തി ചാമുണ്ഡേശ്വരി ദേവിക്കും എല്ലാ മാസവും രണ്ടായിരം രൂപ അനുവദിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് കത്തെഴുതിയതായി നിയമസഭാംഗവും കോണ്‍ഗ്രസ് മീഡിയ സെല്‍ ഉപാധ്യക്ഷനുമായ ദിനേഷ് ഗൂളിഗൗഡ അറിയിച്ചിരുന്നു.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ ശിവകുമാര്‍ തന്‍റെ ആവശ്യം അംഗീകരിച്ചതായും പണം എല്ലാമാസവും ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് വനിത ശിശുക്ഷേമമന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറിനോട് നിര്‍ദ്ദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.