പനാജി: ശക്തമായ ചതുര്‍ഭുജ മത്സരം നടക്കുന്ന ഗോവയില്‍ ഇന്ന് നിശബ്ദ പ്രചാരണം. സംസ്ഥാനത്തെ 40 സീറ്റുകളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ നാളെ (14.02.22) ഗോവയിലെ സമ്മദിദായകര്‍ വിധിയെഴുതും. ഭരണ കക്ഷിയായ ബി.ജെ.പിക്കും പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഒപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് കാഴ്ചവെക്കുന്നത്.
ആകെ 301 സ്ഥാനാര്‍ഥികളാണ് ഗോവയില്‍ ജനവിധി തേടുന്നത്. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി), ഗോവ ഫോർവേഡ് പാർട്ടിയുടെ (ജിഎഫ്‌പി) ശിവസേന തുടങ്ങിയ പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ ഇറക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കര്‍ പിതാവിന്റെ പരമ്പരാഗത മണ്ഡലമായ പനാജി നിയമസഭാ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ഇത്തവണ മത്സരിക്കുന്നു.
സീറ്റ് നിഷേധിച്ചതോടെ ബിജെപി വിട്ട പരീക്കര്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2019ല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച അറ്റനാസിയോ മോൺസെറാട്ടെയെയാണ് ഇത്തവണ പനാജിയില്‍ ബിജെപി പരീക്ഷിക്കുന്നത്.